ലണ്ടൻ : കഴിഞ്ഞ വർഷത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള ‘ഫിഫ ദ ബെസ്റ്റ്’ പുരസ്കാരം അർജന്റീന നായകനും ഇതിഹാസ താരവുമായ ലയണൽ മെസിക്ക്. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവെ സൂപ്പർ താരം എർലിങ് ഹാളണ്ട്, പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് മെസിയുടെ നേട്ടം.
ബാഴ്സലോണയുടെ സ്പാനിഷ് താരം അയ്റ്റാന ബോൺമറ്റിയാണ് മികച്ച വനിതാ താരം. പെപ് ഗെർഡിയോള മികച്ച പുരുഷ പരിശീലകനുള്ള പുരസ്കാരം നേടി. ഇംഗ്ലണ്ട് ദേശീയ വനിതാ ടീം പരിശീലക സെറീന വെയ്ഗ്മാനാണ് മികച്ച വനിതാ കോച്ച്.
ഇത് എട്ടാം തവണയാണ് മെസി പുരസ്കാരത്തിനു അർഹനാകുന്നത്. ഇത്തവണത്തെ ബാല്ലൺ ഡി ഓർ പുരസ്കാരത്തിനു പിന്നാലെയാണ് മെസിയുടെ മറ്റൊരു നേട്ടം. 2022 ഡിസംബർ 19 മുതൽ 2023 ഓഗസ്റ്റ് 20 വരെയുള്ള കാലയളവിലെ പ്രകടനമാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.
മികച്ച ഗോളിനുള്ള പുഷ്കാസ് അവാർഡ് ബ്രസീൽ താരം ഗുലിഹെർമ മഡ്രൂഗ സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീൽ ഗോൾ കീപ്പർ എഡേഴ്സനാണ് മികച്ച പുരുഷ ഗോൾ കീപ്പർ. മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഇംഗ്ലീഷ് താരം മേരി ഇയേർപ്സാണ് മികച്ച വനിതാ ഗോൾ കീപ്പർ. മികച്ച ആരാധകനുള്ള പുരസ്കാരം മിഗ്വേൽ ഇൻഗ്വസും ഫയർപ്ലേ പുരസ്കാരം ബ്രസീൽ പുരുഷ ദേശീയ ടീമും സ്വന്തമാക്കി. ഇതിഹാസ ബ്രസീൽ വനിതാ താരം മാർത്തയ്ക്ക് പ്രത്യേക പുരസ്കാരം.
ഫിഫ പുരുഷ ഇലവൻ: തിബോട്ട് കോട്ട്വ, കെയ്ൽ വാക്കർ, ജോൺ സ്റ്റോൺസ്, റൂബൻ ഡയസ്, ബെർണാർഡോ സിൽവ, കെവിൻ ഡി ബ്രുയ്നെ, ജൂഡ് ബെല്ലിങ്ഹാം, ലയണൽ മെസി, എർലിങ് ഹാളണ്ട്, വിനിഷ്യസ് ജൂനിയർ, കിലിയൻ എംബാപ്പെ.
ഫിഫ വനിതാ ഇലവൻ: മേരി ഇയേർപ്സ്, ലൂസ് ബ്രോൺസ്, അലക്സ് ഗ്രീൻവുഡ്, ഓൾഗ കർമോണ, എല്ല ടൂണെ, അയ്റ്റാന ബോൺമറ്റി, കെയ്റ വാൽഷ്, ലോറൻ ജെയിംസ്, സാം കെർ, അലക്സ് മോർഗൻ, അലസിയ റുസ്സോ.