തിരുവനന്തപുരം: അർജൻറീന ഫുട്ബോൾ ടീമിന്റെ സൗഹൃദ മത്സരത്തിൽ ക്യാപ്റ്റൻ മെസ്സി പങ്കെടുക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. മലപ്പുറത്തെ സ്റ്റേഡിയത്തിന്റെ നിർമ്മാണം ആ സമയം പൂർത്തിയാകും.അവിടെ ഉദ്ഘാടന മത്സരമായി നടത്താനാണ് ആലോചന. ലോകകപ്പ് ജയിച്ച അർജൻറീന ടീമംഗങ്ങൾ മുഴുവൻ കളിക്കാൻ സന്നദ്ധത അറിയിച്ചെന്നും മന്ത്രി പറഞ്ഞു.
അർജൻറീനയുമായി ഫുട്ബോൾ പരിശീലനത്തിന് ദീർഘകാല കരാർ ഒപ്പിടും. 5000 കുട്ടികളെ വരെ പരിശീലിപ്പിക്കാൻ തയ്യാറാണെന്ന് അർജൻറീന സമ്മതം അറിയിച്ചെന്നും മന്ത്രി പറഞ്ഞു.അടുത്തവർഷം ഒക്ടോബറിലാകും അർജന്റീനൻ സൂപ്പർ താരം ലയണൽ മെസിയും സംഘവും കേരളത്തിലേക്ക് എത്തുക. ഇതുമായി ബന്ധപ്പെട്ട് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി കായിക മന്ത്രി ഓൺലൈനായി ചർച്ച നടത്തിയിരുന്നു. അർജൻറീന ദേശീയ ഫുട്ബോൾ ടീം കേരളത്തിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, ഈ വർഷം ജൂണിൽ എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും കേരളത്തിൽ മഴക്കാലമായതിനാൽ അർജന്റീന പ്രയാസം അറിയിച്ചതിനെ തുടർന്നാണ് അടുത്ത വർഷത്തേക്ക് മാറ്റിയത്.