ന്യൂയോർക്ക്: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി അമേരിക്കൻ ക്ലബ് ഇന്റർ മയാമിയുമായി കരാറിലെത്തി. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ളതാണ് മയാമി. ബാല്യകാല ക്ലബ് ബാഴ്സലോണയിലേക്ക് തിരിച്ചുപോകുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയിലായിരുന്നു അപ്രതീക്ഷിത തീരുമാനം.
ഇന്റർ മയാമി ക്ലബുമായി എത്രവർഷത്തേക്കാണ് കരാറിലെത്തിയതെന്നോ തുക എത്രയെന്നോ സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ക്ലബിൽ മെസിക്ക് ഓഹരി പങ്കാളിത്തം ഉണ്ടാകുമെന്നാണ് സൂചന. മിയാമി ഇടപാടിൽ അഡിഡാസ്, ആപ്പിൾ തുടങ്ങിയ ബ്രാൻഡുകളുമായുള്ള വാണിജ്യ കരാർ കൂടി ഉൾപ്പെടും.ഇതാദ്യമായാണ് മെസി യൂറോപ്പിന് പുറത്തൊരു ക്ലബുമായി കരാറിൽ ഏർപ്പെടുന്നത്.
ബാഴ്സലോണയിലേക്ക് തിരികെപോകാനായിരുന്നു മെസി ആഗ്രഹിച്ചിരുന്നത്. എന്നാൽ മെസിക്കു മുന്നിൽ ബാഴ്സയ്ക്ക് ഒരു നല്ല ഓഫർ നൽകാൻ കഴിഞ്ഞില്ല. ക്ലബ്ബിന്റെ പരാധീനതകളും ലാലിഗയുടെ കടുത്ത സാന്പത്തികനിയന്ത്രണങ്ങളുമാണു കാരണമായി ക്ലബ്ബ് ചൂണ്ടിക്കാണിക്കുന്നത്.പിഎസ്ജി വിട്ട മെസി യൂറോപ്പിൽ തുടരാൻ ശ്രമിച്ചെങ്കിലും തൃപ്തികരമായ ഓഫറുകളൊന്നും ലഭിച്ചില്ല. മയാമിയും സൗദി ക്ലബ് അൽ-ഹിലാലുമാണ് വമ്പൻ ഓഫറുകൾ വച്ചത്.