പത്തനംതിട്ട : തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ഐബി ഉദ്യോഗസ്ഥ മേഘാ മധുവിന്റെ മരണത്തില്‍ സഹപ്രവര്‍ത്തകനെതിരെ ആരോപണവുമായി പിതാവ് മധുസൂദനന്. ഐബി ഉദ്യോഗസ്ഥനായ എടപ്പാള്‍ സ്വദേശി മകളെ സാമ്പത്തികമായി ചൂഷണം ചെയ്തെന്ന് മധുസൂദനന് മാധ്യമങ്ങളോടു പറഞ്ഞു. പലപ്പോഴായി മകളുടെ അക്കൗണ്ടിലെ പണമെല്ലാം മലപ്പുറം സ്വദേശി കൈക്കലാക്കിയെന്ന് പിതാവ് പറഞ്ഞു.
ഫെബ്രുവരി മാസത്തെ ശമ്പളമടക്കം അയാളുടെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തു. മരിക്കുമ്പോള്‍ മകളുടെ അക്കൗണ്ടില്‍ വെറും 80 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും പിതാവ് പറഞ്ഞു.
മേഘയുടെ മരണശേഷം അക്കൗണ്ട് വിവരങ്ങള്‍ രേഖാമൂലം തന്നെ എടുത്തിരുന്നു. അക്കൗണ്ട് വിശദാംശങ്ങള്‍ ഐബി ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും കൈമാറിയിട്ടുണ്ട്. മലപ്പുറം സ്വദേശിയെ ഐബി ചോദ്യം ചെയ്തെന്ന് പിതാവ് പറഞ്ഞു.
മേഘയുടെ മരണത്തിന് പിന്നാലെ പിതാവ് ഐബിയ്ക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയനായ ആളെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണ് എന്നാണ് വിവരം.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് പേട്ട പോലീസ് സ്റ്റേഷന് പരിധിയിലെ ചാക്ക റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന ഭാഗത്ത് റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ മേഘയെ കണ്ടെത്തിയത്.