ന്യൂഡല്‍ഹി : മെഡിക്കല്‍ കോഴ്സുകളിലെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കാനാകില്ലെന്നും വിഷയത്തില്‍ ബന്ധപ്പെട്ടവരുമായി എത്രയും വേഗം ചര്‍ച്ച നടത്തണമെന്നും കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ബി ആര് ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥന് എന്നിവരടങ്ങിയ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന്റേതാണ് നിര്‍ദേശം. മെഡിക്കല്‍ കോഴ്സുകളിലെ സൂപ്പര്‍ സ്പെഷ്യാലി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതില്‍ നേരത്തെയും സുപ്രീംകോടതി ഇടപെട്ടിരുന്നു. കേന്ദ്രം ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി വ്യക്തമായ നിര്‍ദേശം പുറപ്പെടുവിക്കുന്നതാണ് ഉചിതമെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന് പറഞ്ഞു.
തുടര്‍ന്ന് പ്രശ്നം പരിഹരിക്കാന്‍ യോഗം വിളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇതിനായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്നും പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും കേന്ദ്രം അറിയിച്ചു. മൂന്ന് മാസത്തിനുള്ളില്‍ ആവശ്യമായ കാര്യങ്ങള്‍ തീര്‍പ്പാക്കാനാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ നിര്‍ദേശം. ഏപ്രില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വാദം കേള്‍ക്കും. 2023 ഏപ്രിലിലാണ് ഈ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന വിഷയം സുപ്രീംകോടതി ആദ്യം ഉന്നയിച്ചത്.
പ്രശ്നം പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ജനറലിന്റെ അധ്യക്ഷതയില്‍ സംസ്ഥാനങ്ങളുടേയും സ്വകാര്യ മെഡിക്കല്‍ കോളജുകളുടേയും പ്രതിനിധികള്‍ ഉള്‍പ്പെടെ എല്ലാ പങ്കാളികളും അടങ്ങുന്ന സമിതിയെ നിയോഗിക്കുന്നതാണ് ഉചിതമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
സീറ്റുകളിലേയ്ക്കുള്ള പ്രവേശനം നടക്കാത്തതിനാല്‍ 1,003 സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റുകളാണ് പാഴാകുന്നത്. ഇത് വളരെ ഖേദകരമാണെന്നും സുപ്രീംകോടതി പറഞ്ഞു. ഒരു വശത്ത് സൂപ്പര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ കുറവുണ്ടെന്നും മറുവശത്ത് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതായും കാണുന്നുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
രാജ്യത്ത് നിലവില്‍ 695 മെഡിക്കല്‍ കോളജുകളാണുള്ളത്. ഇതില്‍ 1,06,333 സീറ്റുകളാണ് നിലവിലുള്ളത്. 55,648 സീറ്റുകള്‍ ഗവണ്മെന്റ് കോളജുകളിലും 50,685 സീറ്റുകള്‍ സ്വകാര്യ കോളേജുകളിലുമാണ്. 2024ല്‍ 5150 സീറ്റുകള്‍ സര്‍ക്കാര്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.