കൊച്ചി : എറണാകുളം ഗവ. മെഡിക്കൽ കോളജ് കാന്പസിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുവിനെ പിടിച്ചു വിറ്റ ജീവനക്കാരൻ അറസ്റ്റിൽ. മെഡിക്കൽ കോളജിലെ സ്ഥിരം ഡ്രൈവറായ ബിജു മാത്യുവാണ് കളമശേരി പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാത്രി ആശുപത്രി കാന്റീന് സമീപം പശുവിനെ കച്ചവടക്കാർക്ക് കൈമാറുന്നതിനിടയിലാണ് ബിജുവിനെ പോലീസ് പിടികൂടിയത്.
കാന്പസിനുള്ളിലൂടെ അലഞ്ഞുതിരിയുന്ന പശുക്കളെ ഇയാൾ പുല്ലും വെള്ളവും കൊടുത്ത് ഇണക്കിയെടുക്കും. പിന്നീട് ഇതിനെ വിൽക്കുന്നതാണ് പ്രതിയുടെ രീതി. ഇത്തരത്തിൽ കന്നുകാലികളെ നഷ്ടപ്പെടുന്നതായി ഏറെ പരാതികൾ മുൻപു പോലീസിന് ലഭിച്ചിരുന്നു. തനിക്കു സാമ്പത്തിക പ്രയാസമുണ്ടെന്നും പെട്ടെന്നു പണം വേണ്ടതിനാലാണ് കന്നുകാലികളെ വിൽക്കുന്നതെന്നുമാണ് കച്ചവടക്കാരോട് പറഞ്ഞിരുന്നത്.
മെഡിക്കൽ കോളജിനു സമീപം താമസിക്കുന്ന ചിലർ കന്നുകാലികളെ കാന്പസിനുള്ളിലേയ്ക്ക് മേയാൻ തുറന്നുവിടാറുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. മുൻപു കന്നുകാലി ശല്യത്തെപ്പറ്റി പരാതിയുയർന്നപ്പോൾ ഇത് അവസാനിപ്പിക്കാൻ അധികൃതർ പലവട്ടം ശ്രമം നടത്തിയിട്ടും വിജയിച്ചിരുന്നില്ല. വളരെ കുറഞ്ഞ വിലയ്ക്കാണു കന്നുകാലികളെ വിറ്റിരുന്നതെന്നാണു വിവരം. പശുക്കൾക്കു പുറമേ പോത്തുകളെയും എരുമകളെയുമെല്ലാം മെഡിക്കൽ കോളജ് പരിസരത്തുനിന്നു കാണാതായതായി നേരത്തെ പരാതിയുണ്ട്.