യുവേഫ ചാംമ്പ്യന്‍സ് ലീഗിൽ സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയെ തകര്‍ത്ത് പിഎസ്ജി സെമി ഫൈനലില്‍. ആദ്യ പാദത്തില്‍ 3-2ന് ജയിച്ച കറ്റാലന്മാരെ രണ്ടാം പാദത്തിൽ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പിഎസ്ജി തോൽപ്പിച്ചു. ഇതോടെ 6-4 അഗ്രിഗേറ്റ് സ്കോറോടെ പിഎസ്ജി സെമിയില്‍ പ്രവേശിച്ചു. രണ്ട് ഗോളുകള്‍ നേടിയ കിലിയന്‍ എംബപെയാണ് ബാഴ്സയെ തകര്‍ത്തത്.
12-ാം മിനിറ്റില്‍ റാഫീഞ്ഞയിലൂടെ ബാഴ്സയാണ് ആദ്യം മുന്നിലെത്തിയത്. പിന്നീട് 29-ാം മിനിറ്റില്‍ ബാര്‍കോളയെ ഫൗള്‍ ചെയ്തതിന് റൊണാള്‍ഡ് അറോഹൊ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. ഇത് ബാഴ്സയ്ക്ക് തിരിച്ചടിയായി. പിന്നീടാണ് പിഎസ്ജിയുടെ നാല് ഗോളുകളും പിറന്നത്. 40-ാം മിനിറ്റില്‍ ഒസ്മാന്‍ ഡെംബലെ, 54-ാം മിനിറ്റില്‍ വിറ്റിഞ്ഞ, 61, 89 മിനിറ്റുകളില്‍ എംബപെ എന്നിവർ വല ചലിപ്പിച്ചതോടെ പിഎസ്ജി സെമി പോരാട്ടത്തിന് യോഗ്യത നേടി. ഇതിനിടെ ബാഴ്സലോണ പരിശീലകന് സാവിക്കും ചുവപ്പ് കാര്‍ഡ് ലഭിച്ചു.
മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാം പാദ മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടും വന്‍ തിരിച്ചുവരവ് നടത്തി. രണ്ടാം പാദത്തില്‍ അത്ലറ്റിക്കോ മഡ്രിഡിനെ 4-2ന് തകര്‍ത്താണ് ഡോര്‍ട്ട്മുണ്ടിന്റെ സെമി പ്രവേശം. മാഡ്രിഡില്‍ നടന്ന ആദ്യപാദത്തില്‍ 2-1ന് പിന്നിലായിരുന്ന ഡോര്‍ട്ട്മുണ്ട് സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ വിജയിച്ച് അഗ്രിഗേറ്റ് സ്കോറില്‍ 5-4ന് മുന്നിലെത്തി. 2013ന് ശേഷം ആദ്യമായാണ് ഡോര്‍ട്ട്മുണ്ട് ചാംമ്പ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിക്കുന്നത്.
34-ാം മിനിറ്റില്‍ ജൂലിയന്‍ ബ്രാന്ടിയും 39-ാം മിനിറ്റില്‍ ഇയാന്‍ മാറ്റസനും ഗോള്‍ കണ്ടെത്തിയതോടെ ആദ്യ പകുതിയില്‍ത്തന്നെ ഡോര്‍ട്ട്മുണ്ട് മുന്നിലെത്തി. രണ്ടാം പകുതിയിലെ 49-ാം മിനിറ്റില്‍ ഡോര്‍ട്ട്മുണ്ടിന്റെ പ്രതിരോധതാരം മാറ്റ്സ് ഹമ്മല്‍സിന്റെ ഓണ്‍ ഗോളിലൂടെ അത്ലറ്റിക്കോ തിരിച്ചുവന്നു. തുടര്‍ന്ന് എയ്ഞ്ചല്‍ കൊറിയ അത്ലറ്റിക്കോയ്ക്കായി ലീഡ് നേടി. ഏഴ് മിനിറ്റുകള്‍ക്കുശേഷം ഡോര്‍ട്ട്മുണ്ട് മുന്നേറ്റ താരം ഫുള്‍ക്രഗ് ഗോള്‍ നേടിയതോടെ കളി വീണ്ടും സമാസമം. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം 74-ാം മിനിറ്റില്‍ മാര്‍സല്‍ സബിറ്റൈസര് വല ചലിപ്പിച്ചതോടെ ഡോര്‍ട്ട്മുണ്ടിന്റെ സെമി മോഹം സഫലമായി. സെമിയില്‍ പിഎസ്ജിയാണ് ഡോര്‍ട്ട്മുണ്ടിന്റെ എതിരാളി.