


കൊല്ലം : കൊച്ചി അമൃത ആശുപത്രി “മാതൃസ്പർശം” – സൗജന്യ പീഡിയാട്രിക് കാർഡിയോളജി മെഗാ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിച്ചു. മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കഴിഞ്ഞ 25 വർഷത്തിനുള്ളിൽ മാതാ അമൃതാനന്ദമയി മഠം നൂറു കോടിയിലേറെ രൂപ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയക്കായി ചെലവഴിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒഡിഷ ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ മനാഷ് രഞ്ജൻ സാഹു, കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് അസിസ്റ്റന്റ് ജനറൽ മാനേജർ ബിന്ദു കൃഷ്ണ, കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി ഡോ. ആർ. കൃഷ്ണകുമാർ, ക്ലിനിക്കൽ പ്രൊഫസർ ഡോ. ബ്രിജേഷ്. പി.കെ., സീനിയർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. പ്രതാപൻ നായർ തുടങ്ങിയവർ ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. സാമ്പത്തിക ശേഷിയില്ലാത്ത കുടുംബങ്ങൾക്കും കുട്ടികൾക്കും ഹൃദയ ശസ്ത്രക്രിയയും പരിശോധനയും ലഭ്യമാക്കുകയാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം.
അമൃത ആശുപത്രിയിലെ 25 വർഷത്തെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിന്റെ നേട്ടങ്ങളും ചടങ്ങിൽ അവതരിപ്പിച്ചു. അമൃത ആശുപത്രിയും ഒഡിഷ ആരോഗ്യ സർവകലാശാലയും തമ്മിലുള്ള ധാരണാപത്രവും ചടങ്ങിൽ വെച്ച് കൈമാറി.
“സേവനം ചെയ്യാനുള്ള ഒരവസരം പാഴാക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം. നിസ്വാർത്ഥ സേവനം ചെയ്യുന്ന സുമനസ്സുകളെയാണ് ലോകം പ്രത്യാശയോടെ നോക്കിക്കാണുന്നത്. ഇക്കാലമത്രയും സേവനമനുഷ്ഠിച്ച ആരോഗ്യപ്രവർത്തകരോടുള്ള നന്ദി വാക്കുകൾക്ക് അതീതമാണ്. രോഗിയെ സംബന്ധിച്ചിടത്തോളം ഡോക്ടർ കാണപ്പെട്ട ദൈവവും, ആശുപത്രികൾ രോഗശാന്തിയുടെ പുണ്യകേന്ദ്രങ്ങളുമാണ്.” മാതാ അമൃതാനന്ദമയി ദേവി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക, ആന്ധ്ര പ്രദേശ്, ബിഹാർ, ജമ്മു തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള അഞ്ഞൂറോളം കുട്ടികളും അവരുടെ കുടുംബങ്ങളും ക്യാമ്പിൽ പങ്കെടുത്തു. പതിനെട്ടു വയസ്സിൽ താഴെയുള്ള കുട്ടികളുടെ ഹൃദയരോഗങ്ങളുടെ ആദ്യഘട്ട പരിശോധനയും ചികിത്സാ മാർഗ്ഗനിർദ്ദേശവും സൗജന്യമായി ലഭ്യമാക്കി. തെരെഞ്ഞെടുത്ത കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്തും

