ഇടുക്കി: മാത്യു കുഴൽനാടൻ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകി. ഹോംസ്റ്റേ ലൈസൻസാണ് പുതുക്കി നൽകിയിരിക്കുന്നത്. ഈ വർഷം ഡിസംബർ 31 വരെയാണ് ലൈസൻസ് പുതുക്കി നൽകിയിരിക്കുന്നത്.മാസപ്പടി വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി രംഗത്ത് വന്ന മാത്യു കുഴൽനാടനെതിരെ സിപിഎം ആയുധമാക്കിയത് ഈ റിസോർട്ടും അതിലെ നിയമലംഘനങ്ങളുമായിരുന്നു.
ഇക്കഴിഞ്ഞ മാർച്ച് 31-ന് ഹോം സ്റ്റേ ലൈസൻസിന്റെ കാലാവധി കഴിഞ്ഞിരുന്നു. തുടർന്ന് അഞ്ചുവർഷത്തേയ്ക്ക് ലൈസൻസ് പുതുക്കി നൽകണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ അപേക്ഷ നൽകിയിരുന്നു. ഇതിനായി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ എൻഒസിയും ഉൾപ്പെടെയുള്ള രേഖകൾ ഹാജരക്കണമെന്ന് അധികൃതർ നിർദേശിച്ചിരുന്നു. തുടർന്ന് ഡിസംബർ 31വരെ കാലാവധിയുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റാണ് മാത്യു കുഴൽനാടൻ നൽകിയത്. അതിനാൽ ഡിസംബർ 31വരെയുള്ള ഹോം സ്റ്റേയ്ക്കുള്ള ലൈസൻസാണ് പുതുക്കി നൽകിയിരിക്കുന്നത്.