ഇടുക്കി: മാത്യു കുഴൽനാടൻ എം എൽ എയുടെ ചിന്നക്കനാലിലെ ഭൂമി വീണ്ടും അളക്കാൻ തീരുമാനം. അടുത്തയാഴ്ച ഹെഡ് സർവേയറുടെ നേതൃത്വത്തിൽ ഉടമകളുടെ സാന്നിദ്ധ്യത്തിലായിരിക്കും ഭൂമി അളക്കുക. നേരത്തെ അളന്നപ്പോൾ കുഴൽനാടന് അധിക ഭൂമിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. പിശകുണ്ടായെന്ന് കുഴൽനാടന്റെ പങ്കാളികൾ ചൂണ്ടിക്കാണിച്ചതിനെത്തുടർന്നാണ് വീണ്ടും അളക്കുന്നത്.
പാർട്ണർമാരായ ടോണി സാബു, ടോം സാബു എന്നിവരാണ് ഭൂമി അളന്നതിൽ പിശക് ഉണ്ടായതായും വീണ്ടും അളക്കണമെന്നും തഹസിൽദാരുടെ മുന്നിൽ ആവശ്യം ഉന്നയിച്ചത്. ഇതിനെത്തുടർന്നാണ് തീരുമാനം. അനധികൃതമായി ഒരിഞ്ച് ഭൂമി പോലും കെെയേറിയിട്ടില്ലെന്നാണ് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടന്റെ വാദം. കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ട് ഭൂമിയിൽ 50 സെന്റ് പുറമ്പോക്ക് ഭൂമിയുണ്ടെന്ന റവന്യൂവകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്ന് ഏറ്റെടുക്കാൻ ജില്ലാ കളക്ടർ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കുഴൽനാടന്റെ പ്രതികരണം.
ആരിൽ നിന്നെങ്കിലും തട്ടിപ്പറിച്ചും കൈക്കൂലി വാങ്ങിയും ഉണ്ടാക്കിയെടുത്ത സമ്പത്തല്ല. പൂർവികരായി തങ്ങൾ കർഷകരാണ്. ഇതെല്ലാം അധ്വാനിച്ച് ഉണ്ടാക്കിയതാണ്. കർഷകന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ ശ്രമിക്കരുത്. നിയമപരമായ ഏതു നടപടിയോടും സഹകരിക്കും. വാങ്ങിയ സ്ഥലം അളന്നു നോക്കിയിട്ടില്ല. വാങ്ങിയതിൽ കൂടുതലായി ഒന്നും അതിലേക്കു ചേർത്തിട്ടുമില്ല. സർക്കാരിന്റെ നിജസ്ഥിതി സർട്ടിഫിക്കറ്റടക്കം വാങ്ങിയ ശേഷമാണ് സ്ഥലം വാങ്ങിയതെന്നും കുഴൽനാടൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.