തിരുവനന്തപുരം: മാസപ്പടി വിവാദം വീണ്ടും നിയമസഭയില്‍ ഉന്നയിച്ച് മാത്യു കുഴല്നാടന് എംഎല്‍എ. ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്ക് പാര്‍ട്ടി കാവല്‍ നില്‍ക്കുകയാണെന്ന് കുഴല്നാടന് ആരോപിച്ചു.
ആദായനികുതി വകുപ്പിന്റെ കണ്ടെത്തലില്‍ കേരളത്തിന്റെ അഭിമാനം ചോദ്യം ചെയ്യപ്പെടുന്ന പരാമര്‍ശങ്ങള്‍ പോലും ഉണ്ടായി. എന്നിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നത് എന്തുകൊണ്ടാണെന്ന് എംഎല്‍എ ചോദിച്ചു. മാസപ്പടിയില്‍ താന്‍ നേരത്തേ സഭയില്‍ നടത്തിയ പ്രസംഗത്തില്‍ പിണറായി വിജയന് കിടുങ്ങിപ്പോയി. ആരോപണം ഉന്നയിച്ച കാര്യങ്ങളില്‍ താന്‍ പിന്നീട് വ്യക്തത വരുത്തി. മാസപ്പടി സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ന്യായീകരണത്തേയും കുഴല്നാടന് വിമര്‍ശിച്ചു. ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്ക് കാവല്‍ നില്ക്കുന്ന പാര്‍ട്ടിയായി സിപിഎം അധപതിച്ചെന്ന് കുഴല്നാടന് പറഞ്ഞു.
കൊടുത്ത സേവനത്തിനാണ് കരിമണല്‍ കമ്പനി പണം നല്‍കിയതെന്നാണ് ന്യായീകരിക്കുന്നത്. എന്നാല്‍ ഒരു സേവനവും നല്‍കിയിട്ടില്ലെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. കരിമണല്‍ കമ്പനി നല്കിയ അഴിമതി പണം ഇന്ന് മുഖ്യമന്ത്രിയുടെ കുടുംബത്തിലാണ് ഉള്ളതെന്ന കാര്യം നിഷേധിക്കാന്‍ കഴിയുമോയെന്നും കുഴല്നാടന് ചോദിച്ചു.