തിരുവനന്തപുരം: ശബ്ദിക്കുന്ന എല്ലാവരെയും നിശബ്ദരാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. സർക്കാറിനെ വിമർശിക്കുന്നവരെയെല്ലാം വേട്ടയാടുന്നു. സർക്കാരിനെതിരെയുള്ള ഒന്നിലും അന്വേഷണം ഇല്ല. പിണറായിയുടെയും സുഹൃത്തായ മോദിയുടെയും കയ്യിലാണ് രാജ്യത്തെ മുഴുവൻ അന്വേഷണ ഏജൻസികളെന്നും കുഴൽനാടൻ പറഞ്ഞു. ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ ഹർഷിന ആരംഭിച്ച സെക്രട്ടറിയേറ്റ് സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാത്യു കുഴൽനാടന് കോൺഗ്രസ് പൂർണ പിന്തുണ നൽകുമെന്ന് കെ സുധാകരൻ പറഞ്ഞു. അന്വേഷണം നടക്കട്ടെ, പിന്തുണയുമായി കുഴൽനാടന്റെ പിന്നിൽ കോൺഗ്രസ് ഉണ്ടാകും. കുഴൽനാടന്റെ വായ അടപ്പിക്കാനാണ് ശ്രമമെന്നും സുധാകരൻ പറഞ്ഞു. അന്വേഷണത്തിന് അദ്ദേഹം കൃത്യമായി മറുപടി നൽകും, അറിവുള്ള വക്കീലാണ് അദ്ദേഹം. സർക്കാരിനെതിരെയുള്ള ഒന്നിലും അന്വേഷണം ഇല്ല. ഇതിനെതിരെ മാധ്യമങ്ങൾ പ്രതികരിക്കണമെന്നും സുധാകരൻ പറഞ്ഞു.മുഖം നന്നായില്ലെങ്കിൽ കണ്ണാടി തല്ലി പൊട്ടിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ നേരത്തെ പരിഹസിച്ചിരുന്നു. അത് കൊണ്ടാണ് ചോദ്യം ചോദിച്ച മാത്യു കുഴൽനാടനെതിരെ ആരോപണം ഉന്നയിക്കുന്നത്. മാത്യു കുഴൽനാടന് ശക്തമായ പിന്തുണ നൽകുമെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം, വിജിലൻസ് അന്വേഷണത്തിലേക്ക് മാത്യു കുഴൽനാടനെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചേക്കും. ചിന്നക്കനാലിൽ നികുതിവെട്ടിപ്പ് നടത്തി എന്ന പരാതി അന്വേഷിക്കാനാണ് നീക്കം. വക്കീൽ ഓഫീസ് വഴി കള്ളപ്പണം വെളിപ്പിച്ചു എന്ന പരാതിയും വിജിലൻസിന് മുന്നിലുണ്ട്. മാത്യു കുഴൽനാടൻ ചിന്നക്കനാലിൽ വാങ്ങിയ സ്ഥലത്തെ കുറിച്ച് നൽകിയ കണക്കുകളിൽ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ച് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹൻ ആണ് രംഗത്തെത്തിയത്. ആറുകോടിയോളം രൂപ വിലമതിക്കുന്ന ഭൂമിയും ആഡംബര റിസോർട്ടും നികുതി വെട്ടിപ്പിലൂടെ സ്വന്തമാക്കിയെന്നാണ് ആരോപണം.