ഇടുക്കി: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാണെന്ന സി.പി.എം വാദം പൊളിഞ്ഞെന്ന് മാത്യു കുഴല്നാടന്. കേസില്‍ എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരായ വീണയുടെ ഹർജി തള്ളിയ കര്‍ണാടക ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വീണ ഹർജി നല്‍കേണ്ടിയിരുന്നത് കേരള ഹൈക്കോടതിയിലായിരുന്നുവെന്നും കുഴല്നാടന് പറഞ്ഞു. മാസപ്പടിയുമായി ബന്ധപ്പെട്ട കേസ് കേരള ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ ഇവിടെ ഹർജി നല്‍കുന്നതായിരുന്നു ശരി. കേന്ദ്ര ഏജൻസികൾ വേട്ടയാടുകയാണെന്ന പിണറായി വിജയന്റെയും സി.പി.എമ്മിന്റെയും വാദം പൊളിഞ്ഞിരിക്കുകയാണ്. ഇനിയെങ്കിലും മുൻനിലപാട് തിരുത്താൻ സി.പി.എം തയാറാകണം. അന്വേഷണം മുഖ്യമന്ത്രിയിലേയ്ക്ക് നീണ്ടാൽ തെറ്റുപറയാൻ പറ്റില്ലെന്നും വീണയുടെ അറസ്റ്റിന് സാധ്യതയുണ്ടെന്നും മാത്യു കുഴൽനാടൻ ചൂണ്ടിക്കാട്ടി.
മാസപ്പടി കേസില്‍ വീണാ വിജയനു തിരിച്ചടിയാകുന്ന വിധിയാണ് കര്‍ണാടക ഹൈക്കോടതിയില്‍നിന്നു വന്നത്. എക്സാലോജിക്കിനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വീണ ഹർജി നല്‍കിയത്. ഇടക്കാല വിധി തേടിയായിരുന്നു വീണ കോടതിയെ സമീപിച്ചത്. അന്വേഷണം തുടരാമെന്ന് ഉത്തരവിട്ടിരിക്കുകയാണ് കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് നാഗപ്രസന്ന.