തിരുവനന്തപുരം : കള്ളപ്പണം വെളുപ്പിക്കൽ ആരോപണം നിഷേധിച്ച് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ. തനിക്കെതിരായ ആരോപണം പരിശോധിക്കാൻ സിപിഎമ്മിനെ കുഴൽനാടൻ വെല്ലുവിളിച്ചു.
എന്നാൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ആദായനികുതി രേഖകൾ പുറത്തുവിടാൻ തയാറുണ്ടോയെന്നും കുഴൽനാടൻ ചോദിച്ചു. വിയർപ്പിന്റെ വില അറിയാത്ത നേതാക്കളാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. ഇന്നത്തെ കമ്യൂണിസ്റ്റുകാർ തൊഴിലാളിയുടെ വിയർപ്പിന്റെ അംശം പറ്റുന്നവരാണ്.
തന്റെ കമ്പനിയുടെ എല്ലാ വിവരങ്ങളും പുറത്തുവിടാൻ തയാറാണ്. മുഖ്യമന്ത്രിയുടെ മകളുടെ കന്പനിയുടെ വിശദാംശങ്ങൾ പുറത്തുവിടാൻ സിപിഎം തയാറാകുമോയെന്നും എംഎൽഎ ചോദിച്ചു.
ചിന്നക്കനാലിലെ ഭൂമി ചുരുങ്ങിയ വിലയ്ക്ക് കിട്ടിയത് വൈറ്റ് മണി നൽകി വാങ്ങിയതിനാലാണെന്നും കുഴൽനാടൻ പറഞ്ഞു. സർക്കാർ നിശ്ചയിച്ച ന്യായവിലയേക്കാൾ കൂടുതൽ തുകയ്ക്കാണ് ആധാരം ചെയ്തത്. കൂടുതൽ സത്യസന്ധനായതാണ് പ്രശ്നമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.