കൊച്ചി: മുഖ്യവിഷയം മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് സിഎംആര്‍എലില്‍നിന്ന് മാസപ്പടി വാങ്ങിയതാണെന്നും നികുതി അടച്ചോ എന്നതല്ലെന്നും മാത്യു കുഴല്നാടന് എംഎല്‍എ. വീണാ വിജയന് ജിഎസ്ടി അടച്ചെന്ന് തെളിഞ്ഞ സ്ഥിതിക്ക് മുഖ്യമന്ത്രിയോടും കുടുംബത്തോടും കുഴന്‍നാടന്‍ മാപ്പ് പറയണമെന്ന സിപിഎമ്മിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വീണ നികുതി നല്‍കിയെന്ന് കാട്ടി ധനകാര്യവകുപ്പ് അയച്ച കത്ത് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് കത്തിന്റെ പകര്‍പ്പ് തനിക്ക് ലഭിച്ചത്. ധനവകുപ്പിന്റെ കത്ത് വെറുമൊരു കാപ്സ്യൂൾ മാത്രമാണ്. എക്സാലോജിക് പണം അടച്ചതിന്റെ വിശദാംശങ്ങളാണ് കത്തില്‍ ഉണ്ടായിരുന്നത്. 2017 ജനുവരി മുതൽ സിഎംആര്‍എല്‍ വീണയ്ക്കും പണം കൊടുത്തിട്ടുണ്ടെന്ന് കുഴല്നാടന് ആരോപിച്ചു.2018 ജനുവരി ഒന്നിനാണ് വീണ ജിഎസ്ടി രജിസ്ട്രേഷന് എടുത്തിരിക്കുന്നത്. രജിസ്ട്രേഷന് കിട്ടുന്നതിന് മുമ്പ് ജിഎസ്ടി അടച്ചത് എങ്ങനെയെന്നും ഇത്തരത്തില്‍ നികുതി അടയ്ക്കാന്‍ സംവിധാനമുണ്ടായിരുന്നോ എന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും കുഴല്നാടന് ആവശ്യപ്പെട്ടു.
ജിഎസ്ടി രജിസ്ട്രേഷന് എടുക്കുന്നതിന് മുന്‍പ് തന്നെ വീണ സിഎംആര്‍എലില്‍ നിന്നും പണം കൈപ്പറ്റിയിരുന്നു. അത് മറച്ച് വച്ച് വീണ ജിഎസ്ടി അടച്ചതായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ധനവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും എംഎല്‍എ ആരോപിച്ചു. വിഷയം വഴിതിരിച്ച് വിടാൻ ശ്രമിച്ച ധനമന്ത്രിയാണ് മാപ്പ് പറയേണ്ടതെന്നും എംഎല്‍എ കൂട്ടിച്ചേർത്തു.