കൊച്ചി : കേരളത്തില്‍ ഭൂനിയമം ലംഘിച്ച് നില്ക്കുന്ന ഏറ്റവും വലിയ കെട്ടിടം എകെജി സെന്റര്‍ ആയിരിക്കുമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. അതിന്റെ പട്ടയമെടുത്ത് പരിശോധിക്കണമെന്നും കുഴല്നാടന് ആവശ്യപ്പെട്ടു. തനിക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ത്തിയ സിപിഎം ജില്ലാ സെക്രട്ടറിമാര്‍ക്ക് വരവില്‍ക്കവിഞ്ഞ സ്വത്ത് ഇല്ലെന്ന് പറയാന്‍ എംവി ഗോവിന്ദന് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനനും ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസിനും വരവില്‍ക്കവിഞ്ഞ സ്വത്ത് ഇല്ലെന്ന് പറയാന്‍ കഴിയുമോ? ഇവരുടെ സ്വത്തുവിവരം അന്വേഷിക്കാന്‍ എംവി ഗോവിന്ദന് തയ്യാറാകുമോ? ഇവര്‍ക്ക് വരവില്‍ കവിഞ്ഞ സ്വത്ത് ഇല്ലെങ്കില്‍ തനിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാമെന്നും കുഴല്നാടന് പറഞ്ഞു.
ചിന്നക്കനാലിലെ ഭൂമി വാങ്ങിയതില്‍ നികുതി വെട്ടിച്ചെന്നായിരുന്നു എംവി ഗോവിന്ദന് തനിക്കെതിരെ നടത്തിയ ഒന്നാമത്തെ ആരോപണം. ഭൂനിയമം ലംഘിച്ചിട്ടില്ല. വീടുവയ്ക്കാനോ കൃഷി ചെയ്യാനോ ഉള്ള അനുമതിയേ പട്ടയ ഭൂമിയിലുള്ളൂ. അതുലംഘിച്ച് കൊമേഴ്സ്യല്‍ കെട്ടിടം നിര്‍മിക്കുമ്പോഴാണ് അത് ചട്ടവിരുദ്ധവും ഭൂനിയമത്തിന്റെ ലംഘനവുമാകുന്നത്. പാര്‍പ്പിട ആവശ്യത്തിനായി പണിത കെട്ടിടമാണ് ചിന്നക്കനാലിലേത്. അതിനാല്‍ നൂറ് ശതമാനം നിയമവിധേയമാണ്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് മൂല്യം കൂട്ടി കാണിച്ചത്. റിസോര്‍ട്ട് സ്വകാര്യ കെട്ടിടമാണെന്നു പറഞ്ഞത് റെസിഡന്‍ഷ്യല്‍ പെര്‍മിറ്റ് പ്രകാരം നിര്‍മിച്ചതിനാലാണ്. അഭിഭാഷക ജോലിക്കിടയില്‍ നിയമം ലംഘിച്ച് ബിസിനസ് നടത്തിയെന്ന ആരോപണവും കുഴല്നാടന് നിഷേധിച്ചു.
നിയമവിരുദ്ധമായി ഭൂമി മണ്ണിട്ടു മൂടിയില്ലെന്നത് ദൃശ്യങ്ങള്‍ സഹിതം തെളിയിച്ചതാണ്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ല. എംവി ഗോവിന്ദന് പരിശോധിക്കാം. ലൈസന്‍സ് പ്രകാരമാണ് ഹോംസ്റ്റേ നടത്തിയത്. വീണാ വിജയന് പ്രതിരോധം തീര്‍ക്കാനാണ് സിപിഎം തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. വിദേശത്ത് ഒരു സ്ഥാപനത്തില്‍ 24 ശതമാനം പങ്കാളിത്തമുണ്ട്. അതിന്റെ വിപണിമൂല്യം ഏതാണ്ട് ഒന്‍പത് കോടി രൂപ വരുമെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. അതല്ലാതെ നിയമവിരുദ്ധമായി വിദേശത്തേക്ക് പണം കടത്തുകയോ ഫെമ നിയമലംഘനം നടത്തുകയോ ചെയ്തിട്ടില്ലെന്നും കുഴല്നാടന് പറഞ്ഞു.