ചെന്നൈ: തമിഴ്നാട്ടിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഇന്ത്യയിലെ മുന്‍നിര വാഹന കമ്പനികളിലൊന്നായ ടാറ്റാ മോട്ടോഴ്സ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വാഹന നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാനായി കമ്പനി 9,000 കോടി നിക്ഷേപിക്കും. ഇതിനായുള്ള ധാരണപത്രം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്, വ്യവസായ മന്ത്രി ടി.ആര്.ബി രാജ എന്നിവരുടെ സാന്നിധ്യത്തില്‍ ഒപ്പുവച്ചു. പുതിയ പ്ലാന്റിലൂടെ 5,000 തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റാണിപേട്ട് ജില്ലയിൽ 500 ഏക്കര്‍ സ്ഥലത്താണ് പ്ലാന്റ് സ്ഥാപിക്കുന്നത്. കര്‍ണാടകയിലെ ധാര്‍വാഡിന് ശേഷം ടാറ്റാ മോട്ടോഴ്സിന്റെ ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ പ്ലാന്റാണിത്.
നേരത്തെ വിയറ്റ്നാമിലെ മുന്‍നിര വൈദ്യുത വാഹന നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ് 16,000 കോടി രൂപയുടെ നിക്ഷേപത്തിനുള്ള കരാര്‍ ഒപ്പിട്ടിരുന്നു. ഇതിന്റെ ആദ്യ ഘട്ടമായി 4,000 കോടി രൂപയും നിക്ഷേപിച്ചിരുന്നു. കാറുകളും ട്രക്കുകളും ബസുകളും നിര്‍മ്മിക്കുന്ന ടാറ്റാ മോട്ടോഴ്സ് ഏതെല്ലാം വാഹനങ്ങളാണ് നിര്‍മിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.