തെഹ്റാൻ : ഇറാനിലെ തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ ഷഹീദ് റജായി തുറമുഖത്ത് വൻ സ്ഫോടനം. തലസ്ഥാനമായ തെഹ്റാനിൽ നിന്ന് 1000 കിലോമീറ്ററോളം അകലെയാണ് ബന്ദർ അബ്ബാസ് നഗരം.
ഷഹീദ് റജായി തുറമുഖത്തിന്റെ ഭാഗമായ കപ്പൽ തുറയിലാണ് സ്ഫോടനമുണ്ടായതെന്നും തീയണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഹൊർമോസ്ഗാൻ പോർട്സ് ആൻഡ് മാരിടൈം അഡ്മിനിസ്ട്രേഷൻ ഒഫീഷ്യൽ ഇസ്മാഈൽ മാലികിസാദെയെ ഉദ്ധരിച്ച് ഇറാൻ ദേശീയ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
120 പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി ഹൊർമോസ്ഗാൻ പ്രവിശ്യയിലെ ക്രൈസിസ് മാനേജ്മെന്റ് ഓർഗനൈസേഷൻ ഡയറക്ടർ മെഹർദാദ് ഹസൻസാദെ പറഞ്ഞു.
സ്ഫോടനമുണ്ടായ സ്ഥലത്തുനിന്ന് കറുത്ത പുക ഉയരുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുണ്ടായതായും റിപ്പോർട്ടുണ്ട്.