കൊച്ചി: മാസപ്പടി വിവാദത്തില്‍ കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്റെ അന്വേഷണം ഉണ്ടോയെന്ന് കോടതി ചോദിച്ചു. അന്വേഷണ ഉത്തരവ് വെള്ളിയാഴ്ചയ്ക്കകം ഹാജരാക്കാനും കോടതി നിര്‍ദേശം നല്കി.
മാസപ്പടി വിവാദത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ അന്വേഷണം വേണമെന്നാണ് ഹര്‍ജിക്കാരനായ ഷോണ്‍ ജോര്‍ജ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. കമ്പനികാര്യ മന്ത്രാലയത്തിന്റെ അന്വേഷണ ഉത്തരവിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാനാണ് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ അന്വേഷണം വേണമെന്നാണ് താന്‍ ആവശ്യപ്പെട്ടതെന്ന് ഷോണ്‍ ജോര്‍ജ് കോടതിയില്‍ വ്യക്തമാക്കി. ഇതില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് നിലപാട് അറിയിക്കാന്‍ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഹര്‍ജി ഈ മാസം 24 ന് വീണ്ടും പരിഗണിക്കും.