കൊച്ചി: മുഖ്യമന്ത്രിയുടെ മകൾക്കും കമ്പനിക്കും എതിരായ മാസപ്പടി ആരോപണത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) അന്വേഷണത്തിന് തടസമില്ലെന്ന് ഹൈക്കോടതി. അതേസമയം, കേസ് എസ്എഫ്ഐഒ അന്വേഷിക്കുന്നതിൽ കേന്ദ്രസര്‍ക്കാര്‍ നിലപാടറിയിക്കാത്തതില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചു. വിശദീകരണം നല്കാന് രണ്ടാഴ്ച സമയം വേണമെന്ന് കേന്ദ്രം മറുപടി നല്കി.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും കൊച്ചിയിലെ സിഎംആര്‍എല്‍ കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ നിലവില്‍ നടക്കുന്ന കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അന്വേഷണത്തിനെതിരേ അഡ്വ. ഷോണ്‍ ജോര്‍ജ് നല്കിയ ഉപഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം അറിയിച്ചത്. മാസപ്പടി കേസ് എസ്എഫ്ഐഒയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
കമ്പനി നിയമത്തിലെ വകുപ്പ് 210 പ്രകാരമാണ് പുതുച്ചേരി രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ഉള്‍പ്പെടെയുള്ള മൂന്നംഗസംഘത്തെ കേന്ദ്രം അന്വേഷണം ഏല്‍പ്പിച്ചത്. എന്നാല്‍ ഈ വകുപ്പ് പ്രകാരം പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം കമ്പനി നിയമത്തിനുള്ളില്‍ മാത്രം ഒതുങ്ങുന്നതാണെന്നും എസ്എഫ്ഐഒ അന്വേഷണമാണു വേണ്ടതെന്നും ആവശ്യപ്പെട്ടാണ് ഉപഹര്‍ജി.
ഹർജി പരിഗണിച്ചപ്പോൾതന്നെ എസ്എഫ്ഐഒയുടെ അന്വേഷണം തന്നെ ഇതിൽ വേണമെന്നും കോർപറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണത്തിൽ എല്ലാ വസ്തുതയും പുറത്തുവരില്ലെന്നും ഹർജിക്കാരൻ കോടതിയെ ധരിപ്പിച്ചു. ഈ ഘട്ടത്തിലാണ് നേരത്തെ ഇറക്കിയ ഉത്തരവിൽ എസ്എഫ്ഐഒയുടെ അന്വേഷണകാര്യത്തിൽ നിലപാട് അറിയിക്കാൻ പറഞ്ഞിരുന്നല്ലോ എന്നും എന്തുകൊണ്ടാണ് മറുപടി പറയാത്തതെന്നും കോടതി കേന്ദ്രത്തിനോട് ആരാഞ്ഞത്.
കോർപറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണമുണ്ടായാലും എസ്എഫ്ഐഒ അന്വേഷിക്കുന്നതിൽ എന്താണ് തടസമെന്നും കോടതി ചോദിച്ചു. അതേസമയം, എസ്എഫ്ഐഒ അന്വേഷണത്തെ എതിർത്ത സിഎംആർഎലും കെഎസ്ഐഡിസിയും എതിർത്തു. ആർഒസി റിപ്പോർട്ടിൽ മറ്റു ഗുരുതരമായ കണ്ടെത്തലുകളൊന്നുമില്ലെന്നും കോർപറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണം തന്നെ മതിയെന്നും നിലപാട് അറിയിച്ചു.