കൊച്ചി : സ്ഥാനമൊഴിഞ്ഞ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പിന്‍ഗാമിയായി സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി ഷംഷാബാദ് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിനെ തിരഞ്ഞെടുത്തു. മാര്‍പാപ്പ അനുമതി നല്‍കിയതോടെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. വത്തിക്കാനിലും കാക്കനാട് സെന്റ് തോമസ് മൗണ്ടിലും ഒരേ സമയമാണ് പ്രഖ്യാപനം നടന്നത്.
സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ നടന്ന സിനഡ് യോഗത്തിലാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുത്തത്. രഹസ്യ ബാലറ്റിലൂടെ നടത്തിയ വോട്ടെടുപ്പിനൊടുവില്‍ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ പേര് വത്തിക്കാന്റെ അനുമതിക്കായി സമര്‍പ്പിച്ചിരുന്നു.
മേജര്‍ ആര്‍ച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചതോടെ സിനഡ് സമ്മേളനം അവസാനിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കല്‍ മാത്രമാണ് സിനഡിന്റെ അജന്‍ഡയെന്നു സിറോ മലബാര്‍ സഭ അഡ്മിനിസ്ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ നേരത്തെ പറഞ്ഞിരുന്നു.