കണ്ണൂർ : കണ്ണൂർ ഉരുപ്പുംകുറ്റിയിൽ മാവോയിസ്റ്റുകൾക്കായി തെരച്ചിൽ തുടരുന്നു. രാത്രിയിലും ഏറ്റുമുട്ടൽ നടന്നതായിട്ടാണ് സൂചന. വെടിശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നു. അതേസമയം, മാവോയിസ്റ്റ് ആക്രമണം സ്ഥിരീകരിച്ച് പൊലീസ്. ഉരുപ്പുംകുറ്റിയില്‍ ആക്രമണം നടന്നപ്പോള്‍ കാട്ടില്‍ ഉണ്ടായിരുന്നത് എട്ട് മാവോയിസ്റ്റുകളാണ് എന്നാണ് എഫ് ഐ ആറില്‍ പറയുന്നത്.
ഇന്നലെ രാവിലെ ഒമ്പതര മുതൽ രണ്ടു മണിക്കൂർ തുടർച്ചയായി തണ്ടർ ബോൾട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിൽ തുടർച്ചയായ വെടിവെപ്പുണ്ടായിരുന്നു. ഇതിന് ശേഷം രണ്ട് മാവോയിസ്റ്റുകൾക്ക് വെടിയേറ്റുവെന്ന സ്ഥിരീകരിക്കാത്ത വിവരമുണ്ടായിരുന്നു. പീന്നീട് മാവോയിസ്റ്റ് സംഘം കാട്ടിലേക്ക് മടങ്ങിയെന്നാണ് ഭീകരവിരുദ്ധ സേനയുടെ ഡി.ഐ.ജി മാധ്യമങ്ങളോട് പറഞ്ഞത്.എന്നാൽ ഇന്നലെ രാത്രി 11.30ക്ക് ശേഷം വെടിവെപ്പുണ്ടാവുകയായിരുന്നു. ഇരുവിഭാഗങ്ങളും തമ്മിൽ വെടിയുതിർത്തിട്ടുണ്ട്. കണ്ണൂർ വനഡിവിഷനിൽപ്പെട്ട ഇരിട്ടി സെക്ഷനിൽ കഴിഞ്ഞ കുറെ കാലമായി മാവോയിസ്റ്റ് സാന്നിധ്യമുള്ള ഒരു മേഖലയാണ്. ഇവിടെ ഇന്നലെ പുലർച്ചെ മുന്ന് മണിയോടു കൂടി 80 അംഗ തണ്ടർ ബോൾട്ട് സംഘം പരിശോധനക്കായി എത്തുന്നത്. ഇവിടെ വനത്തിനുള്ളിൽ കുറിച്യ വിഭാഗത്തിൽപ്പെട്ട ഒരാൾക്ക് അനുവദിച്ചു കിട്ടിയ നാലേക്കർ ഭൂമിയുണ്ട്. ഇതിനുള്ളിൽ ഷെഡ് കെട്ടി മാവോയിസ്റ്റ് സംഘം യോഗം ചേരുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തണ്ടർബോൾട്ട് സംഘം ഇവിടെയെത്തുന്നത്.
തണ്ടർ ബോൾട്ട് സംഘം എത്തിയുടനെ മാവോയിസ്റ്റ് സംഘം വെടിയുതിർക്കുകയായിരുന്നു. മാവോയിസ്റ്റ് നേതാവ് സി.പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെടിവെപ്പിന് പിന്നിലെന്നാണ് തണ്ടർബോൾട്ട് സംഘത്തിന്റെ കണ്ടെത്തൽ.