റായ്പുർ : ഛത്തീസ്ഗഡിൽ ഒറ്റുകാരെന്ന് ആരോപിച്ച് നാല് ഗ്രാമീണരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി. നക്സൽ ബാധിത പ്രദേശങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മണിക്കൂറുകൾക്ക് മുൻപായിരുന്നു സംഭവം.
കാംകേരിൽ കുല്ലെ കത്ലാമി (35), മനോജ് കൊവാച്ചി (22), ദുഗ്ഗെ കൊവാച്ചി (27) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് പേരും സി-60 കമാൻഡോകൾക്ക് വിവരം ചോർത്തി കൊടുക്കുന്നു എന്നാരോപിക്കുന്ന ലഘുലേഖകൾ അക്രമികൾ സ്ഥലത്ത് വിതറിയിരുന്നു. ബിജാപൂരിൽ മുചാകി ലിംഗ (40) എന്നയാളെയും മാവോയിസ്റ്റുകൾ കൊലപ്പെടുത്തി. ഒറ്റുകാരനെന്ന സംശയത്തെ തുടർന്നാണ് ഇയാളെയും മാവോവാദികൾ കൊലപ്പെടുത്തിയത്. കഴുത്തുഞെരിച്ച് കൊന്ന ശേഷം മൃതദേഹം റോഡരികിലേക്ക് വലിച്ചെറിയുകയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം. മാവോയിസ്റ്റുകളെ പിടികൂടാനുള്ള കോംബിങ് ദൗത്യങ്ങൾ സുരക്ഷാസേന ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ബിജാപൂർ, കാംകേർ മേഖലകളിൽ 20 നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. നവംബർ ഏഴിന് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിൽ ഈ മണ്ഡലങ്ങൾ ഉൾപ്പെടുന്നു. നവംബർ 17നാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്.