കല്‍പ്പറ്റ: പേര്യ ചപ്പാരം ഏറ്റുമുട്ടലില്‍ പിടിയിലായ ചന്ദ്രുവിനെയും ഉണ്ണിമായയേയും കേരള പൊലീസ് ഉൾപ്പടെയുള്ള അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇന്നാണ് ഇരുവരുടേയും പൊലീസ് കസ്റ്റഡി അവസാനിക്കുന്നത്.
കേരള പൊലീസിന് പുറമേ എന്‍ഐഎ, രഹസ്യാന്വേഷണ വിഭാഗം, എടിഎസ്, തമിഴ്നാട് ക്യൂ ബ്രാഞ്ച്, കര്‍ണാടക പൊലീസ്, എന്നീ അന്വേഷണ ഏജന്‍സികള്‍ മാറി മാറി ചോദ്യം ചെയ്തിട്ടും ഇവർ മറുപടിയൊന്നും നൽകുന്നില്ലെന്ന് അധികൃതർ. ഇവരെ ഒരുമിച്ച് ഇരുത്തിയാലും ഒറ്റയ്ക്ക് മാറ്റി നിർത്തി ചോദ്യം ചെയ്താലും ഇവരുടെ ഭാഗത്ത് നിന്ന് മൗനം മാത്രമാണുള്ളതെന്നും അധികൃതർ വ്യക്തമാക്കി. ഉണ്ണിമായയും ചന്ദ്രുവും ചില മുതിർന്ന മാവോയിസ്റ്റ് നേതാക്കൾക്കൊപ്പം പ്രവർത്തിച്ചവരാണ്.
സംഘടനയെ പറ്റിയുള്ള ചോദ്യങ്ങൾക്കും മൗനമായിരുന്നു ഇരുവരുടേയും മറുപടി. ഇവരെ ഇതുവരെ ചപ്പാരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്താനായിട്ടില്ല. ഏറ്റുമുട്ടല്‍ നടന്ന ചപ്പാരത്തെ അനീഷിന്റെ വീടിപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്.വീട് തെളിവെടുപ്പിന് ശേഷമേ പൊലീസ് വിട്ടുനൽകൂ. കൊയിലാണ്ടിയില്‍ വച്ച് പിടിയിലായ സന്ദേശവാഹകന് തമ്പിയെ എടിഎസ് മേധാവി ചോദ്യം ചെയ്തുവെങ്കിലും ഇയാളിൽ നിന്നും മറുപടിയൊന്നും ലഭിച്ചില്ലെന്നാണ് സൂചന.