ഡിവൈഎഫ്ഐ കണ്ണൂര്‍ മുന്‍ ജില്ലാ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ മനുതോമസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ കണ്ണൂരിലെ പാര്‍ട്ടിയെ വീണ്ടും വലയ്കുകയാണ്. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരുപറഞ്ഞാണ് മനുതോമസിനെ സിപിഎമ്മില്‍ നിന്നും പുറത്താക്കിയത്. എന്നാല്‍ അതൊരു കെട്ടിച്ചമച്ച ആരോപണമാണെന്നും പാര്‍ട്ടിയും, സ്വര്‍ണ്ണക്കള്ളക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ബന്ധം തുറന്ന് കാണിക്കാന്‍ ശ്രമി്ച്ചതിന്റെ പേരിലാണ് അ്ദ്ദേഹം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടതെന്നാണ് കണ്ണൂരിലെ സിപിഎമ്മുമായ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
പി ജയരാജന് ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് കള്ളക്കടത്ത് – ക്വട്ടേഷന്‍സംഘങ്ങള്‍ കണ്ണൂരിലെ പാര്‍ട്ടിയില്‍ പിടിമുറുക്കിയെന്നും പാര്‍ട്ടിയുടെ യുവജനസംഘടനാ നേതാക്കളില്‍ പലര്‍ക്കും ഇത്തരം ഇടപാടുകള്‍ ഉണ്ടായിരുന്നതായും വാര്‍ത്തകളുണ്ടായിരുന്നു. ആകാശ് തില്ലങ്കേരിയെപോലുളള ചിലൊരൊക്കെ പാര്‍ട്ടിയെ പോലും വെല്ലുവിളിക്കുന്ന നിലയിലേക്കെത്തുകയും ചെയ്തു.സ്വര്‍ണ്ണക്കള്ളക്കടത്ത് – ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്നാരോപിച്ച് യുവജന കമ്മിഷന് ചെയര്‍മാനും പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവുമായ എം. ഷാജറിനെതിരെ മനു തോമസ് നല്കിയ പരാതിയുടെ പകര്‍പ്പ് പുറത്തുവന്നതോടെ സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം വലിയ പ്രതിരോധത്തിലായി. 2022 ഏപ്രില്‍ മാസത്തില്‍ തന്നെ ഷാജറിനെതിരെ മനുതോമസ് പരാതി നല്‍കിയിരുന്നെന്നും അത് പാര്‍ട്ടി നേതൃത്വം അവഗണിക്കുകയായിരുന്നുവെന്നും സൂചനയുണ്ട്. പി ജയരാജന്റെ മകന് അടക്കമുള്ളവര്‍ക്കെതിരെയാണ് മനു തോമസ് ഇപ്പോള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ എട്ടുവര്‍ഷമായി കണ്ണൂരിലെ പാര്‍ട്ടിക്കുള്ളില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളാണ് ഇപ്പോള്‍ മറനീക്കി പുറത്ത് വന്നിരിക്കുന്നത്.
കണ്ണൂരിലെ പാര്‍ട്ടിയില്‍ ക്വട്ടേഷന്‍ സംഘങ്ങളുടെയും കളളക്കടത്ത് മാഫിയയുടെയും സ്വാധീനം വര്‍ധിക്കുന്നു എന്ന തിരിച്ചറിവിലാണ് പി ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാനുള്ള ശ്രമം നടന്നതെന്ന് സിപിഎം നേതാക്കള്‍ സൂചന നല്കുന്നു. എംവി ജയരാജന് ജില്ലാ സെക്രട്ടറിയായതോടെയാണ് ഇത്തരം സംഘങ്ങളുടെ നീരാളിപ്പിടുത്തതിന് അല്‍പ്പം കുറവുണ്ടായതെന്നും കണ്ണൂരിലെ സിപിഎം നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നുണ്ട്. മനുതോമസ് ഉയര്‍ത്തിവിട്ട ആരോപണങ്ങള്‍ ചെറിയ പ്രതിസന്ധിയൊന്നുമല്ല കണ്ണൂരിലെ പാര്‍ട്ടിയില്‍ ഉണ്ടാക്കുക. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ തോറ്റുപോകുമെന്ന് കരുതിയിരുന്ന കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കെപിസിസി അധ്യക്ഷനുമായ കെ സുധാകരന് ഒരു ലക്ഷത്തില്‍ കൂടുതല്‍ വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചതിന് പിന്നില്‍ ജില്ലയിലെ പാര്‍ട്ടി ഗ്രാമങ്ങളുടെ പങ്ക് നിസാരമല്ല. പുകഞ്ഞുകൊണ്ടിരിക്കുന്ന അസംതൃപ്തിയാണ് കെ സുധാകരനുള്ള വോട്ടായി മാറിയത്. 2016 മുതല്‍ കണ്ണൂരിലെ സിപിഎം – ഡിവൈഎഫ്ഐ നേതാക്കളുടെ പേരില്‍ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ക്വട്ടേഷന്‍ – കള്ളക്കടത്ത് മുതല്‍ ലൈംഗികാരോപണമടക്കമുള്ളവയെല്ലാം ഭരണത്തിന്റെ ശക്തികൊണ്ട് ഒതുക്കി നിര്‍ത്തുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പോടെ പാര്‍ട്ടിയുടെ അടിത്തറയിളകിത്തുടങ്ങിയെന്ന ബോധ്യമായപ്പോഴാണ് പാര്‍ട്ടിയില്‍ നിന്നും അരികുവല്‍ക്കരിക്കപ്പെട്ടിരുന്ന മനു തോമസിനെപ്പോലുള്ളവര്‍ കാര്യങ്ങള്‍ തുറന്ന് പറയാന്‍ തുടങ്ങിയത്.
ആകാശ് തില്ലങ്കേരി, അര്ജ്ജുന് ആയങ്കി തുടങ്ങിയ ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് ക്വട്ടേഷന്‍ കള്ളക്കടത്ത് സംഘങ്ങളുമായുള്ള ബന്ധം മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടും പാര്‍ട്ടി കാര്യമായ നടപടിയൊന്നും എടുത്തില്ല. ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെങ്കിലും ആരോപണം ഉയര്‍ന്ന എ ഷാജര്‍ അടക്കമുള്ള നേതാക്കളെ സിപിഎം സംരക്ഷിക്കുകയും പുതിയ പദവികള്‍ കൊടുക്കുകയുമാണ് ചെയ്തത്. പി ജയരാജനെ കണ്ണൂരിലെ പാര്‍ട്ടിയില്‍ ഒതുക്കിയെങ്കിലും അദ്ദേഹം കുടത്തില്‍ നിന്നും തുറന്നുവിട്ട ഭൂതം കണ്ണൂരിലെ പാര്‍ട്ടിയെ വിഴുങ്ങുകയാണ് എന്ന ആരോപണം ശക്തമാവുകയാണ്.
കണ്ണൂരില്‍ പൊലീസ് സംവിധാനത്തെ മൊത്തം നിയന്ത്രിക്കുന്നത് സിപിഎം ജില്ലാകമ്മറ്റിയാണെന്നത് പരസ്യമായ രഹസ്യമാണ്. പല പൊലീസ് സ്റ്റേഷനുകളിലും പാര്‍ട്ടി നിര്‍ദേശമില്ലാതെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. ക്വട്ടേഷന്‍ സംഘങ്ങളും പാര്‍ട്ടി നേതാക്കളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്കെതിരെ അമര്‍ഷമുള്ള നിരവധി നേതാക്കളുണ്ടെങ്കിലും അവര്‍ക്കാര്‍ക്കും നാവനക്കാന്‍ പോലും കഴിയാത്ത നിലയായിരുന്നു. അപ്പോഴാണ് പാര്‍ട്ടിയില്‍ താരതമ്യേന ജൂനിയറായ മനുതോമസ് പാര്‍ട്ടി നേതൃത്വത്തിന് നേരെ ആഞ്ഞടിക്കുന്നത്. മനു തോമസിനെപ്പോലുള്ളൊരു നേതാവിന് പോലും ആരോപണങ്ങള്‍ ഉയര്‍ത്തി കണ്ണൂരിലെ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കാന്‍ കഴിയുമെങ്കില്‍ അത്രയേറെ ദുര്‍ബലമായി തീര്‍ന്നിരിക്കുന്ന പാര്‍ട്ടിയുടെ ഘടന എന്നാണ് വ്യക്തമാകുന്നത്.