ന്യൂഡൽഹി : രാജ്യത്ത് ഉദാരവത്കരണ നയങ്ങള്‍ നടപ്പിലാക്കി തുടങ്ങിയ 90കളുടെ തുടക്കത്തിന് 30 വര്‍ഷം മുന്‍പ് തന്നെ ഇന്ത്യ കുറെക്കൂടി തുറന്ന വ്യാപാരവ്യവസ്ഥയിലേക്ക് നീങ്ങണം എന്ന് നിര്‍ദേശിച്ച ദീര്‍ഘവീഷണമുള്ള നേതാവായിരുന്നു മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്. ഒക്സ്ഫഡ് ഡിഫിലെ പ്രബന്ധത്തിലാണ് ഇക്കാര്യം അദ്ദേഹം നിര്‍ദേശിച്ചത്. മൂന്ന് ദശകങ്ങള്‍ക്ക് ശേഷം അതിലെ ശുപാര്‍ശകള്‍ പ്രയോഗത്തില്‍ വരുത്താന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്താണ് അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു അദ്ദേഹത്തിന് ധനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തത്. ആ കാലയളവില്‍ അദ്ദേഹം നടത്തിയ പരിഷ്കാരങ്ങള്‍ രാജ്യത്തിന്റെ പിന്നീടുള്ള സാമ്പത്തിക വളര്‍ച്ചയ്ക്ക് അടിത്തറ പാകി.
ഇറക്കുമതി ക്വാട്ടകള്‍ നീക്കം ചെയ്യപ്പെട്ടു. താരിഫുകള്‍ കുറച്ചു. കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ നടപടി തുടങ്ങി. നേരിട്ടുള്ള വിദേശനിക്ഷേപം സ്വാഗതമാണെന്ന് പ്രഖ്യാപിക്കപ്പെട്ടു. ആഭ്യന്തര വിപണിയും സ്വതന്ത്രമായി. ലൈസന്‍സ്- പെര്‍മിറ്റ്- ക്വാട്ട- രാജ് ഗണ്യമായ തോതില്‍ ഇല്ലാതാക്കപ്പെട്ടു. സര്‍ക്കാര്‍ ചെലവുകള്‍ ചുരുക്കാനുള്ള പരിഷ്കരണങ്ങളും വന്നു. ധനകമ്മി അപ്പോള്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ എട്ടുശതമാനം എന്ന ഞെട്ടിക്കുന്ന തോതില്‍ ആയിരുന്നത് കുറയ്ക്കാനുള്ള നടപടികള്‍ ഉണ്ടായി. ഇതെല്ലാം മന്മോഹന് സിങ് ധനമന്ത്രിയായ ശേഷം സ്വീകരിച്ച നടപടികളാണ്.
അവിഭക്ത ഇന്ത്യയില്‍ പാക്ക് പഞ്ചാബ് പ്രവിശ്യയില്‍ ഗഹ് വില്ലേജില്‍ ഗുരുമുഖ് സിങ്ങിന്റെയും അമൃത് കൗറിന്റെയും മകനായി 1932 സെപ്റ്റംബര്‍ 26നാണു മന്മോഹന്റെ ജനനം. പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് ധനതത്വശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടി. കേംബ്രിജ്, ഓക്സ്ഫഡ് സര്‍വകലാശാലകളില്‍ ഉപരിപഠനം. 1966 വരെ പഞ്ചാബ് സര്‍വകലാശാലയിലും പിന്നീട് ഡല്‍ഹി സര്‍വകലാശാലയിലും അധ്യാപകന്. ഇതിനിടെ 3 വര്‍ഷം യുനൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡവലപ്മെന്റിന്റെ സാമ്പത്തിക വിദഗ്ധനായി.
1972ല്‍ ധനവകുപ്പില്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ അദ്ദേഹം 1976ല്‍ ധനമന്ത്രാലയം സെക്രട്ടറിയായി. 198082 കാലയളവില്‍ ആസൂത്രണ കമ്മിഷന് അംഗം. 1982 ല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. 1991ല്‍ നരസിംഹറാവു പ്രധാനമന്ത്രി ആയപ്പോഴാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന മന്മോഹനെ ധനമന്ത്രിയാക്കിയത്. ഇന്ത്യന്‍ സാമ്പത്തികരംഗം തകര്‍ച്ചയിലേക്കു കൂപ്പുകുത്തിനില്ക്കുകയായിരുന്നു അപ്പോള്‍. മന്മോഹന് നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കരണ നടപടികള്‍ രാജ്യത്തെ മുന്നോട്ടു നയിച്ചു.
ധനമന്ത്രിയായി 4 മാസത്തിനു ശേഷം 1991 ഒക്ടോബറിലാണു മന്മോഹനെ കോണ്‍ഗ്രസ് ആദ്യമായി രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തത്. അസമില്‍നിന്ന് 5 തവണ രാജ്യസഭാ എംപിയായ അദ്ദേഹം 2019ല്‍ രാജസ്ഥാനില്‍നിന്ന് അംഗമായി. ഈ വര്‍ഷം ഏപ്രിലിലാണു കാലാവധി പൂര്‍ത്തിയായത്. 33 വര്‍ഷം രാജ്യസഭാംഗമായിരുന്ന മന്മോഹന് ലോക്സഭയിലേക്ക് ഒരു തവണയേ മത്സരിച്ചിട്ടുള്ളൂ 1999ല്‍. സൗത്ത് ഡല്‍ഹി മണ്ഡലത്തില്‍ ബിജെപിയുടെ വി.കെ.മല്‍ഹോത്ര ആയിരുന്നു എതിരാളി.വോട്ടെണ്ണിയപ്പോള്‍ മന്മോഹന് തോറ്റു.