തിരുവനന്തപുരം: സംസ്ഥാനത്തെ ചലച്ചിത്രനയം രൂപീകരിക്കാനായി സർക്കാർ നിയോഗിച്ച സമിതിയിൽ നിന്ന് നടി മഞ്ജു വാര്യരും സംവിധായകൻ രാജീവ് രവിയും പിന്മാറി.സമിതിയിൽ അംഗങ്ങളാകാൻ ബുദ്ധിമുട്ടുണ്ടെന്നും ജോലിത്തിരക്ക് കാരണം പങ്കെടുക്കാൻ കഴിയില്ലെന്നും ഇവർ സർക്കാരിനെ അറിയിച്ചു.
സമിതി രൂപീകരണത്തെ സംബന്ധിച്ച് വേണ്ടത്ര ചർച്ച നടന്നില്ലെന്ന വിവാദങ്ങൾക്കിടെയാണ് ഇരുവരുടെയും പിന്മാറ്റം. സിനിമാ മേഖലയിലെ സ്ത്രീസുരക്ഷ സംബന്ധിച്ച ജസ്റ്റീസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാത്തത് സംബന്ധിച്ച വിവാദം വിമൻ ഇൻ സിനിമാ കളക്ടീവ്(ഡബ്ല്യൂസിസി) വീണ്ടും ഉയർത്തിയതും ഈയിടെയാണ്.സംവിധായകൻ ഷാജി എൻ. കരുൺ അധ്യക്ഷനായ നയരൂപീകരണ സമിതിയിൽ ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്, ഫെഫ്ക നേതാവും സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ, നിർമാതാവ് സന്തോഷ് ടി.കുരുവിള, നടനും എംഎൽഎയുമായ മുകേഷ്, അഭിനേതാക്കളായ പത്മപ്രിയ, നിഖില വിമൽ തുടങ്ങിയവരും അംഗങ്ങളാണ്.