ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും ബിജെപിയിലേക്കെന്ന് അഭ്യൂഹം. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ആര്‍പിഎന്‍ സിങ്, മനീഷ് തിവാരിയുമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ കേന്ദ്രമന്ത്രിയും പഞ്ചാബില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമാണ് മനീഷ് തിവാരി.
ലുധിയാനയില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കാമെന്നാണ് ബിജെപി ഓഫര്‍ മുന്നോട്ടു വെച്ചിട്ടുള്ളത്. ലുധിയാനയില്‍ വിജയിച്ചില്ലെങ്കില്‍ രാജ്യസഭയിലേക്ക് എത്തിക്കാമെന്നും ബിജെപി വാഗ്ദാനം നല്‍കിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ യുപുഎ സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്നു.
അതേസമയം ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്ത മനീഷ് തിവാരിയുടെ ഓഫീസ് നിഷേധിച്ചു. കോണ്‍ഗ്രസ് വിടുന്നത് സംബന്ധിച്ച് ആരുമായും ചര്‍ച്ച ചെയ്തിട്ടില്ലെന്നും, അടിസ്ഥാന രഹിതമായ അഭ്യൂഹമാണ് പ്രചരിക്കുന്നതെന്നും മനീഷ് തിവാരിയുടെ ഓഫീസ് വ്യക്തമാക്കി.
അതിനിടെ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് പിസിസി മുന്‍ പ്രസിഡന്റുമായ നവജ്യോത് സിങ് സിധുവും കോണ്‍ഗ്രസ് വിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സിധുവും മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് നേതൃത്വവുമായി സിധു കുറക്കാലമായി ഇടഞ്ഞു നില്‍ക്കുകയാണ്.
മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ കമല്‍നാഥും മകനും കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം ശക്തമാണ്. ഇതിനിടെയാണ് കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന് അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു.