ഇംഫാല്‍: വംശീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ വീണ്ടും അക്രമം. ബിഷ്ണുപൂരിലെ കാംഗ്വായ്- അവാംഗ് ലേഖായ് പ്രദേശത്ത് വെടിവയ്പ്പുണ്ടായി. സംഭവത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു.
ഇംഫാലിലെ കാംഗ്ല ഫോര്ട്ടിന് സമീപം രണ്ട് വാഹനങ്ങള്‍ക്ക് ആള്‍ക്കൂട്ടം തീയിട്ടു. ഇരുന്നൂറോളം പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. ഇവര്‍ പൊലീസിന്റെ കൈയില്‍നിന്ന് ആയുധങ്ങള്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചെന്നാണ് വിവരം.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അക്രമമുണ്ടായ സ്ഥലങ്ങളില്‍ കൂടുതല്‍ കരസേന, അസം റൈഫിൾസ്, ബിഎസ്എഫ് വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.
അതേസമയം, രണ്ട് ദിവസമായി മണിപ്പൂർ സന്ദർശനം നടത്തുന്ന ഇടതുപക്ഷ എംപിമാരുടെ സംഘം ഗവർണറുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിൽ കണ്ട സംഘർഷാന്തരീക്ഷത്തെ കുറിച്ച് ഗവർണർ അനസൂയ ഉയ്ക്കെയെ ധരിപ്പിച്ചു. സന്ദർശനം നടത്തിയ പലയിടങ്ങളിലും ഭീതിതമായ അന്തരീക്ഷവും അതിലുള്ള കടുത്ത ആശങ്കയും സംഘം ഗവർണറെ ധരിപ്പിച്ചു. മണിപ്പൂരിലെ സംഘർഷത്തിന് പിന്നിൽ ബി.ജെ.പിയുടെ രാഷ്ട്രീയ മുതലെടുപ്പാണ് ഉള്ളതെന്നും വരുന്ന മൺസൂൺകാല സമ്മേളനത്തിൽ പാർലമെൻറിൽ ഈ വിഷയം ഉന്നയിച്ചു പ്രതിഷേധിക്കുമെന്നും എം.പി ജോൺ ബ്രിട്ടാസ് പറഞ്ഞു.