ഇംഫാൽ: മണിപ്പുരിൽ സൈന്യത്തിന് നേരെ കലാപകാരികൾ നടത്തിയ വെടിവയ്പിൽ മൂന്നു സൈനികർക്ക് പരിക്കേറ്റു. ഒരു ബിഎസ്എഫ് സൈനികനും രണ്ട് ആസാം റൈഫിൾസ് സൈനികർക്കുമാണ് പരിക്കേറ്റത്. ഇതിൽ ബിഎസ്എഫ് സൈനികന്റെ പരിക്ക് ഗുരുതരമാണ്.
തിങ്കളാഴ്ച രാത്രിയിൽ സെറോ സുഗ്നുവിലാണ് സംഭവമുണ്ടായത്. കലാപകാരികൾക്ക് നേരെ സൈന്യവും ശക്തമായി തിരിച്ചടിച്ചു. മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. അതേസമയം, പരിക്കേറ്റ സൈനികരെ മന്ത്രിപുഖിയിലെ ആശുപത്രിയിലേക്ക് വിമാനത്തിൽ മാറ്റി.കഴിഞ്ഞദിവസം വെസ്റ്റ് ഇംഫാലിൽ മൂന്നുപേർ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സുരക്ഷയ്ക്കായി പോയിരിക്കുന്ന സൈനികർക്ക് നേരെയും ആക്രമണം ഉണ്ടാകുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നാല് ദിവസത്തെ മണിപ്പുർ സന്ദർശനം പൂർത്തിയായതിന് പിന്നാലെയാണ് സംഘർഷം രൂക്ഷമായിരിക്കുന്നത്. മണിപ്പുരിലെ നാഗാ വിഭാഗം എംഎല്‍എമാരുമായി അമിത് ഷാ ഇന്ന് ഡൽഹിയിൽ ചർച്ച നടത്താനിരിക്കുകയാണ്.