ന്യൂഡൽഹി: മണിപ്പുരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൈകാര്യം ചെയ്യാൻ വിപുലമായ സംവിധാനം ഒരുക്കണമെന്ന് സുപ്രീം കോടതി. മേയ് മാസം മുതൽ സംസ്ഥാനത്ത് ഇത്തരം സംഭവങ്ങളിൽ എത്ര എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കോടതി ചോദിച്ചു.
മണിപ്പൂരിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം സുപ്രീം കോടതിയുടെ നിരീക്ഷണം ഉണ്ടായാൽ കേന്ദ്രസർക്കാരിന് എതിർപ്പില്ലെന്ന് സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ജസ്റ്റീസുമാരായ ജെ.ബി. പാർദിവാല, മനോജ് മിശ്ര എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. മണിപ്പുരിലെ അക്രമവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.മണിപ്പുരിൽ പട്ടാപ്പകൽ നഗ്നരായി നടത്തിയ രണ്ട് സ്ത്രീകൾക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ ഹാജരായി.
മണിപ്പുരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് ഇരകളായ സ്ത്രീകള്‍. സിബിഐ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കോടതിയുടെ മേല്‍നോട്ടത്തിലുള്ള സ്വതന്ത്ര അന്വേഷണമാണ് വേണ്ടതെന്നും ഇവര്‍ കോടതിയെ അറിയിച്ചു. കേസ് ആസാമിലേക്ക് മാറ്റുന്നതിനോട് യോജിപ്പില്ലെന്നും ഇവര്‍ അഭിഭാഷകന് മുഖേന കോടതിയില്‍ പറഞ്ഞു.