ഇംഫാൽ: കലാപത്തെക്കുറിച്ചു പരാമർശമില്ലാത്ത പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടിക്കെതിരെ പ്രതിഷേധവുമായി മണിപ്പൂരിലെ ജനങ്ങൾ. റേഡിയോ സെറ്റുകൾ പൊതുനിരത്തിൽ എറിഞ്ഞുടയ്ക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്താണ് ആളുകൾ പ്രതിഷേധം രേഖപ്പെടുത്തിയത്. മണിപ്പുരിൽ കലാപം ഒരുമാസത്തിലേറെയായി തുടരുമ്പോഴും പ്രധാനമന്ത്രി മൗനം തുടരുന്നതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ പരിപാടി ബഹിഷ്കരിച്ചത്.
ഇംഫാൽ വെസ്റ്റ് ഡിസ്ട്രിക്റ്റിലെ സിങ്ജാമേ മാർക്കറ്റിലും കാക്ചിങ് ജില്ലയിലെ മാർക്കറ്റിലുമാണ് പ്രതിഷേധം അരങ്ങേറിയത്. ‘ഞങ്ങൾ മൻ കി ബാത് പരിപാടിയെ എതിർക്കുന്നു. മൻ കി ബാത് വേണ്ട, മൻ കി മണിപുർ ആണ് വേണ്ടത്. പ്രധാനമന്ത്രിയുടെ മൻ കി ബാത് കേൾക്കാൻ താൽപര്യമില്ല. മൻ കി ബാത്തിൽ കൂടുതൽ നാടകം വേണ്ട’–പ്രതിഷേധക്കാർ പറഞ്ഞു. മോദിക്കും ബിജെപി സർക്കാരിനുമെതിരെ മുദ്രാവാക്യങ്ങളും ഉയർന്നു. ജനങ്ങളുടെ പ്രതിഷേധത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്.
മൻ കി ബാത്തിന്റെ 102–ാം പതിപ്പിൽ അടിയന്തരാവസ്ഥയെ കുറിച്ചാണ് പ്രധാനമന്ത്രി പരാമർശിച്ചത്. അടിയന്തരാവസ്ഥ ഇന്ത്യയുടെ ഇരുണ്ട കാലഘട്ടമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി മണിപ്പുരിലെ അടങ്ങാത്ത സംഘർഷത്തെ കുറിച്ച് ഒരു വാക്കു പോലും മിണ്ടാഞ്ഞതാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്. മണിപ്പുരിൽ മേയ് 3 ന് തുടങ്ങിയ കലാപം ഇന്നും തുടരുകയാണ്. ഇന്ന് ഇംഫാലില്‍ കരസേനാ ജവാന് വെടിയേറ്റു. കാന്റോ സബലില്‍ കുക്കി സായുധ സംഘം അഞ്ച് വീടുകള്‍ക്കു തീയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
Manipur Protesters refuse to listen to PM Modi saying, "No to Mann Ki Baat, Yes to Manipur ki Baat" #MannKiBaat pic.twitter.com/U4mqVZxo4U
— Telangana Congress (@INCTelangana) June 19, 2023