ന്യൂഡൽഹി: മണിപ്പുർ വിഷയത്തിൽ പാർലമെന്റിൽ ഇന്നും പ്രതിപക്ഷ ബഹളം. ലോക്സഭയിൽ പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയാണ്.മണിപ്പുരിലേത് ഗൗരവമായ വിഷയമാണെന്നും സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം രംഗത്തുവന്നിരിക്കുന്നത്. വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിനെ അഭിസംബോധന ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
രാവിലെ 11 മണിക്ക് ലോക്സഭ സമ്മേളിച്ചയുടൻ കോൺഗ്രസ്, ഡിഎംകെ, ഇടതുപക്ഷ എംപിമാർ മണിപ്പുരിലെ അക്രമത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടത്തളത്തിലിറങ്ങി. സ്പീക്കർ ഓം ബിർള, കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയെ സംസാരിക്കാൻ അനുവദിച്ചു. മണിപ്പുരിലെ അക്രമത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിൽ പ്രസ്താവന നടത്തണമെന്ന് ചൗധരി ആവശ്യപ്പെട്ടു.മണിപ്പൂരിലെ അക്രമത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് സഭ തയാറാണെന്നും 12 മണിക്ക് ശേഷം ചർച്ച ആരംഭിക്കാമെന്നും ചോദ്യോത്തര വേള മുടക്കരുതെന്നും സ്പീക്കർ പറഞ്ഞു. ‘‘സഭ മുഴുവൻ ചർച്ചയ്ക്ക് തയാറാണ്, ചർച്ചയ്ക്കും സർക്കാർ മറുപടി നൽകും. എന്നാൽ ചർച്ചയ്ക്ക് ആരാണ് മറുപടി പറയേണ്ടതെന്ന് നിങ്ങൾക്ക് തീരുമാനിക്കാനാകില്ല.’’– അദ്ദേഹം പറഞ്ഞു
മണിപ്പുരിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ ഉൾപ്പെടെയുള്ള എംപിമാർ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പ്രസ്താവന നടത്തണമെന്നാണ് ‘ഇന്ത്യ’ മുന്നണിയുടെ ആവശ്യം. മണിപ്പുർ വിഷയത്തിൽ പാർലമെന്റിലുണ്ടായ ബഹളത്തിനു പിന്നാലെ എഎപിയുടെ രാജ്യസഭാംഗം സഞ്ജയ് സിങിനെ സമ്മേളനം അവസാനിക്കുന്നതുവരെ സസ്പെൻഡ് ചെയ്തു. വ്യാഴാഴ്ച പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചത് മുതൽ ഈ വിഷയത്തിൽ പ്രതിഷേധം നടത്തുകയാണ്. മണിപ്പുർ വിഷയത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകിക്കൊണ്ട് ഹ്രസ്വചർച്ച നടത്താൻ സർക്കാർ സമ്മതിച്ചെങ്കിലും പ്രധാനമന്ത്രിയുടെ പ്രസ്താവന ആദ്യം വേണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുകയാണ്. സമയ നിയന്ത്രണങ്ങളില്ലാതെ എല്ലാ പാർട്ടികളെയും സംസാരിക്കാൻ അനുവദിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടുന്നു.
സുപ്രധാന വിഷയത്തിൽ പ്രതിപക്ഷം ചർച്ചയിൽനിന്ന് ഒളിച്ചോടുകയാണെന്നും പ്രതിപക്ഷത്തിന്റെ ആത്മർഥതയിൽ സംശയമുണ്ടെന്നുമാണ് സർക്കാരിന്റെ വാദം. എന്നാൽ സർക്കാരാണ് ചർച്ചയിൽനിന്ന് ഒളിച്ചോടുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പാർലമെന്റ് ഹൗസ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുൻപിലും പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചു. ‘മണിപ്പുരിനു വേണ്ടി ഇന്ത്യ, മണിപ്പുരിൽ പ്രധാനമന്ത്രിയുടെ പ്രസ്താവന ഇന്ത്യ ആവശ്യപ്പെടുന്നു’ എന്നെഴുതിയ പ്ലക്കാർഡുകളും ബാനറുകളും പിടിച്ചായിരുന്നു പ്രതിഷേധം. മണിപ്പുർ കലാപത്തെക്കുറി.ച്ചു പാർലമെന്റിൽ സമഗ്രമായ പ്രസ്താവന നടത്തേണ്ടത് പ്രധാനമന്ത്രിയുടെ കടമയാണെന്ന് മല്ലികാർജുൻ ഖർഗെ മാധ്യമങ്ങളോടു പറഞ്ഞു.