ഇംഫാൽ: മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഞായറാഴ്ച രാത്രിയിൽ നിരവധി വീടുകൾക്ക് അക്രമികൾ തീയിട്ടതായും വെടിവയ്പ് ഉണ്ടായതായുമായാണ് റിപ്പോർട്ട്. കുക്കി വിഭാഗമാണ് ആക്രമണം നടത്തിയത്. ഇംഫാലില്‍ കരസേനാ ജവാന് വെടിയേറ്റു. കുക്കി സായുധ സംഘത്തെ നേരിടുന്നതിനിടെയാണു ജവാനു വെടിയേറ്റത്. ഇദ്ദേഹത്തെ ലെയ്മഖോങ്ങിനെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഘര്‍ഷം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കായി മണിപ്പുര്‍ മുഖ്യമന്ത്രി എൻ. ബിരേന്‍ സിങ് ഡല്‍ഹിയിലെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പ്രതിപക്ഷ പ്രതിനിധികള്‍ അഞ്ചുദിവസമായി ഡല്‍ഹിയില്‍ തുടരുകയാണ്.പ്രതിപക്ഷ പാർട്ടികൾക്ക് പുറമേ ആർഎസ്എസിന്റെ നിലപാട് കൂടി വന്നതോടെ കൂടുതൽ അടിയന്തിര ഇടപെടലുകൾക്ക് സർക്കാർ നിർബന്ധിതമാകും.മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനിടെയാണ് ആർഎസ്എസ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയത്. കലാപം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരും കേന്ദ്ര ഏജൻസികളും അടിയന്തരമായി ഇടപെടണമെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ ആവശ്യപ്പെട്ടു.
വംശീയ കലാപം അമ്പതാം നാളിലേക്ക് നീങ്ങുമ്പോഴും മൗനം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച റേഡിയോയിലൂടെ നടത്തിയ പ്രതിമാസ ‘മൻ കി ബാത്’ പ്രഭാഷണത്തിലും കലാപത്തെക്കുറിച്ച് മിണ്ടിയില്ല. അരമണിക്കൂറിലേറെ നീണ്ട ‘മൻ കി ബാത്തി’ൽ ബിപർജോയ് ചുഴലിക്കാറ്റും ക്ഷയരോഗ നിവാരണവും അടിയന്തരാവസ്ഥയുമൊക്കെയാണ് മോദി വിഷയമാക്കിയത്. അമ്പതിനായിരത്തിലേറെപ്പേർ അഭയാർത്ഥി ക്യാമ്പുകളിൽപോലും സുരക്ഷയില്ലാതെ കഴിയുകയാണ്. പൊലീസ് ക്യാമ്പുകളും ആയുധങ്ങളും കൊള്ളയടിക്കപ്പെട്ടു. നൂറിലേറെ പള്ളികൾ തകർത്തു. നൂറുകണക്കിനു വീടുകൾ തീയിട്ടു. കേന്ദ്ര വിദേശ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിങ്, സംസ്ഥാന പൊതുമരാമത്ത് മന്ത്രി ഗോവിന്ദ്ദാസ് കോന്തരാജം, ഏക വനിതാ മന്ത്രി നൊംച കിവ്ചെൻ എന്നിവരുടെ വീടുകളും തകർത്തു. സംസ്ഥാനത്ത് ക്രമസമാധാനം സമ്പൂർണമായി തകർന്നെന്ന് കേന്ദ്രമന്ത്രി രാജ്കുമാർതന്നെ പരസ്യമായി പ്രതികരിച്ചു.
സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ട്രൈബ് ലീഡേഴ്സ് ഫോറം ആവശ്യപ്പെട്ടു.ഞായറാഴ്ചയും ഇംഫാൽ താഴ്വരയിൽ സൈന്യം ഫ്ലാഗ് മാർച്ച് നടത്തിയിരുന്നു. ഇംഫാൽ ഈസ്റ്റ് ജില്ലയിൽ ഞായറാഴ്ച പുലർച്ചെ അഞ്ച് മുതൽ വൈകുന്നേരം അഞ്ച് മണിവരെ കർഫ്യൂ ഇളവുചെയ്തു നൽകിയിരുന്നു. കുക്കി – മെയ്തെയ് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് മേയ് 3 മുതൽ ഇംഫാലിൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതുവരെ 100ൽ അധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇന്റർനെറ്റ് റദ്ദാക്കിയ നടപടി ജൂൺ 20 വരെ തുടരും.
വൻ അക്രമത്തിനു സാധ്യതയുണ്ടെന്ന രഹസ്യന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സുരക്ഷ സേന കടുത്ത ജാഗ്രത തുടരുകയാണ്. ഇംഫാലിൽ രണ്ട് നിരകളിലായാണ് സുരക്ഷ സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. മലയോര മേഖലകളിൽ സിആർപിഎഫിനെയും അതീവ സംഘർഷ ബാധിത മേഖലകളിൽ സിആർപിഎഫ് – പൊലീസ് സംയുക്ത സേനയെയുമാണ് വിന്യസിച്ചിരിക്കുന്നത്.