പാറ്റ്ന: മണിപ്പുരിലെ സ്ഥിതിഗതികൾ ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് ആരോപിച്ച് പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപി വക്താവ്. ബിജെപി ബിഹാർ ഘടകത്തിന്റെ ഔദ്യോഗിക വക്താവായിരുന്ന വിനോദ് ശർമ ആണ് രാജിവച്ചത്.
ആയിരത്തിലേറെ പേരുടെ മുമ്പിൽ വച്ച് രണ്ട് കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തിയത് തന്നെ ഏറെ വേദനിപ്പിച്ചെന്ന് രാജി തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ശർമ പറഞ്ഞു. എന്നാൽ അതുപോലെയുള്ള നൂറുകണക്കിന് സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് പറഞ്ഞ ഈ ക്രൂരസംഭവത്തെ ന്യായീകരിച്ച മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ പ്രസ്താവന തന്നെ ഞെട്ടിച്ചു.
വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറങ്ങുകയാണെന്നും ബിരേൻ സിംഗിനെ പുറത്താക്കാനുള്ള ധൈര്യം അദ്ദേഹത്തിന് ഇല്ലെന്നും ശർമ പറഞ്ഞു. പാർട്ടിയിലെ ആർക്കും ഈ വിഷയത്തിൽ ഇടപെടാനോ ജനങ്ങളുടെയും സ്ത്രീകളുടെയും കാര്യത്തിൽ ശ്രദ്ധിക്കാനോ സമയമില്ലെന്നും അധികാരത്തിൽ മാത്രമാണ് ഇവരുടെ ശ്രദ്ധയെന്നും ശർമ പറഞ്ഞു.