ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. 24 മണിക്കൂറിനിടെ 11 പേരാണ് സംഘര്‍ഷത്തില്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ സ്ത്രീയും ഉള്‍പ്പെടുന്നു. ഖമെന്‍ലോക് മേഖലയില്‍ രാത്രി വെടിവെപ്പുണ്ടായി. നിരവധി വീടുകള്‍ അക്രമികള്‍ തീവെച്ചു നശിപ്പിച്ചിട്ടുണ്ട്.
മൃതദേഹങ്ങളില്‍ മുറിവും വെടിയേറ്റ പാടുകളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംവരണത്തെച്ചൊല്ലി മെയ്തി-കുക്കി സമുദായങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍, കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സമാധാനശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ബുധനാഴ്ച പുലർച്ചെയാണ് ഒരു സംഘം അക്രമികൾ ആയുധങ്ങളുമായി ഗ്രാമത്തെ വളഞ്ഞാക്രമിച്ചത്. ഗ്രാമീണർ തോക്കുകളുമായി ആക്രമണത്തെ ചെറുക്കാൻ ശ്രമിച്ചതായും വലിയ തോതിൽ വെടിവയ്പ്പുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
അക്രമികള്‍ നിരവധി വീടുകള്‍ക്കും തീവച്ചു. സംഘർഷം രൂക്ഷമാകാതിരിക്കാൻ സംഭവസ്ഥലത്തേക്ക് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതായി പൊലീസ് അറിയിച്ചു. വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് മണിപ്പൂരില്‍ കര്‍ഫ്യൂ പുനഃസ്ഥാപിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.