ന്യൂഡൽഹി: വംശീയ കലാപം തുടരുന്ന മണിപ്പുരിൽ സംസ്ഥാന സർക്കാരിന്റെയും പൊലീസിന്റെയും വിവേചനം തുറന്നുകാട്ടിയ പത്രാധിപന്മാരുടെ അഖിലേന്ത്യ സംഘടനയായ എഡിറ്റേഴ്സ് ഗിൽഡിനെതിരെ (ഇജിഐ) കേസെടുത്ത് സംസ്ഥാനത്തെ ബിജെപി സർക്കാർ. മണിപ്പുർ സന്ദർശിച്ച് വസ്തുതാന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയ ഇജിഐ പ്രസിഡന്റ് സീമ മുസ്തഫ, സമിതി അംഗങ്ങളായ മുതിർന്ന മാധ്യമപ്രവർത്തകർ ഭരത് ഭൂഷൺ, സഞ്ജയ് കപൂർ, സീമ ഗുഹ എന്നിവർക്കെതിരെയാണ് കേസ്.
ഭരണഘടനാ വിരുദ്ധമാണെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി റദ്ദാക്കിയ ഐടി നിയമത്തിലെ 66എ വകുപ്പടക്കം ചുമത്തിയാണ് ഇംഫാൽ വെസ്റ്റ് പൊലീസ് കേസെടുത്തത്. ഈ വകുപ്പനുസരിച്ച് എവിടെയും നിയമനടപടി അരുതെന്ന് സുപ്രീംകോടതി സംസ്ഥാനങ്ങൾക്ക് കഴിഞ്ഞ വർഷം കർശന നിർദേശം നൽകിയിരുന്നു. സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ (ഐപിസി 153 എ), തെറ്റായ വിവരം ശരിയെന്ന് പ്രചരിപ്പിക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. എൻ ശരത് സിങ് എന്നയാളുടെ പരാതിയിലാണ് കേസെടുത്തത്. സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തി കൂട്ടബലാത്സംഗംചെയ്ത സംഭവങ്ങളിലടക്കം കേസെടുക്കാന്‍ മാസങ്ങള്‍ വൈകിയ ബിജെപി സര്‍ക്കാരാണ് എതിര്‍ശബ്ദമുയര്‍ത്തിയ രാജ്യത്തെ പരമോന്നത മാധ്യമ സംഘടനയെ കേസെടുത്ത് വിരട്ടാന്‍ ശ്രമിക്കുന്നത്.
ആഗസ്ത് ഏഴുമുതൽ പത്തുവരെ മണിപ്പുർ സന്ദർശിച്ച സമിതി സംസ്ഥാനത്തെ മാധ്യമങ്ങൾ കലാപ വാർത്തകൾ റിപ്പോർട്ടുചെയ്തത് ഏകപക്ഷീയമായിട്ടാണെന്ന് കണ്ടെത്തി. എല്ലാവരെയും പ്രതിനിധാനംചെയ്യേണ്ട സർക്കാർ, കലാപത്തിൽ ഒരു വിഭാഗത്തിന് അനുകൂലമായി പ്രവർത്തിക്കുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കുക്കി വിഭാഗത്തെ അനധികൃത കുടിയേറ്റക്കാരെന്നും വിദേശികളെന്നും സർക്കാർ ചാപ്പകുത്തി. ഒരു വിഭാഗത്തിന്റെ വീടുകൾ ഇടിച്ചുനിരത്തി–- ശനിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, റിപ്പോർട്ടിനൊപ്പം പ്രസിദ്ധീകരിച്ച ഒരു ചിത്രത്തിന്റെ അടിക്കുറിപ്പിൽ പിശകുണ്ടായത് തിരുത്തുമെന്ന് ഇജിഐ ഞായറാഴ്ച വ്യക്തമാക്കി. ജനക്കൂട്ടം കത്തിച്ച വനംവകുപ്പ് ഓഫീസിന്റെ ചിത്രത്തിന് കുക്കി വിഭാഗത്തിൽനിന്നുള്ള ആളുടെ വീട് എന്ന തെറ്റായ അടിക്കുറിപ്പാണ് നൽകിയത്. ഇത് ചൂണ്ടിക്കാട്ടിയുള്ള പരാതിയിലാണ് കേസ്. എഡിറ്റേഴ്സ് ഗിൽഡ് ദേശദ്രോഹികളും സംസ്ഥാന ദ്രോഹികളുമാണെന്ന് മുഖ്യമന്ത്രി എൻ ബിരേൻസിങ് ആരോപിച്ചു. മണിപ്പുര്‍ സര്‍ക്കാര്‍ നടപടിയെ പ്രസ് ക്ലബ് ഓഫ് ഇന്ത്യ ശക്തമായി അപലപിച്ചു.