ന്യൂഡൽഹി : മണിപ്പൂർ കലാപവിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ ഐക്യം കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു.പ്രധാനമന്ത്രിയുടെ പ്രസംഗത്തിനു പിന്നാലെയാണ് അവിശ്വാസപ്രമേയം ശബ്ദവോട്ടോടെ സഭ തള്ളിയത്. മോദിയുടെ പ്രസംഗം തടസ്സപ്പെടുത്തിയതിനു കോൺഗ്രസ് സഭാ നേതാവ് അധിർ രഞ്ജൻ ചൗധരിയെ സസ്പെൻഡ് ചെയ്തു.
മാസങ്ങളായി തുടരുന്ന മണിപ്പൂർ കലാപത്തിൻമേലായിരുന്നു പ്രതിപക്ഷം പാർലെന്റിൽ അവിശ്വാസം അവതരിപ്പിച്ചത്. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ പ്രതികരണം നടത്തണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. ഒടുവിൽ അവിശ്വാസം പ്രമേയം വഴി വിഷയത്തെ അഭിസംബോധന ചെയ്യാൻ അദ്ദേഹം നിർബന്ധിതനാവുകയായിരുന്നു.
അതേസമയം പ്രധാനമന്ത്രി ആദ്യ ഒന്നരമണിക്കൂറോളം കലാപത്തെ കുറിച്ച് ഒന്നും മിണ്ടിയില്ലെന്നാരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. കേന്ദ്രത്തിന്റെ മികവിനെ കുറിച്ചും കോൺഗ്രസിനെയും പ്രതിപക്ഷത്തെയും രാഹുലിനെയും കടന്നാക്രമിച്ചായിരുന്നു ആദ്യ മണിക്കൂറുകളിൽ മോദി സംസാരിച്ചത്. ഇതോടെ പ്രതിപക്ഷം സഭയിൽ മുദ്രാവാക്യം വിളികളുയര്ത്തിയിരുന്നു.
മണിപ്പുരിനെ കുറിച്ച് പറയൂവെന്ന് മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തോട് ആഭ്യന്തരമന്ത്രി അമിത് ഷാ വിശദമായി മറുപടി നൽകിയിട്ടുണ്ടെന്നായിരുന്നു മോദിയുടെ മറുപടി. പിന്നാലെയാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത്.ഇതിനുപിന്നാലെയാണ് മോദി മണിപ്പുരിനെ കുറിച്ച് സഭയിൽ സംസാരിച്ചത്. സത്യം പറയുമ്പോള്‍ പ്രതിപക്ഷം ഇറങ്ങിപോകുന്നുവെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി പ്രതിപക്ഷം മണിപ്പുർ ചർച്ച അട്ടിമറിച്ചുവെന്നും ആരോപിച്ചു.