ന്യൂഡല്‍ഹി : മണിപ്പൂര്‍ കലാപത്തില്‍ ഇരകളായവര്‍ക്ക് നഷ്ടപരിഹാരം ഉയര്‍ത്തണമെന്ന് ജുഡീഷ്യല്‍ സമിതിയുടെ ശുപാര്‍ശ. സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ഗീത മിത്തല്‍ സമിതി മൂന്നു റിപ്പോര്‍ട്ടുകളാണ് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
നഷ്ടമായ രേഖകള്‍ നല്കല്, സ്ത്രീകള്‍ക്ക് എതിരായ അക്രമം എന്നിവയിലും റിപ്പോര്‍ട്ട് നല്കി. ദുരിതാശ്വാസം, പുനരധിവാസം, തകര്‍ന്ന വീടുകള്‍ പുനര്‍ നിര്‍മ്മിക്കല്‍ തുടങ്ങിയവ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നു. കലാപത്തില്‍ ആധാര്‍ കാര്‍ഡ് അടക്കമുള്ള സുപ്രധാന രേഖകള്‍ നഷ്ടമായവര്‍ക്ക് അവ നല്‍കുന്നതിന് ഉടന്‍ നടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ചിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. ജമ്മു കശ്മീര്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍, ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ശാലിനി ഫന്‍സാല്‍കര്‍, ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജിയും മലയാളിയുമായ ജസ്റ്റിസ് ആശ മേനോന് എന്നിവരാണ് സമിതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.