ന്യൂഡല്‍ഹി : മണിപ്പൂര്‍ കലാപത്തിലും സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും. തീയതി സ്പീക്കര്‍ തീരുമാനിക്കും. വിഷയത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചോടില്ല. പ്രതിപക്ഷം മനഃപൂര്‍വം പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നുവെന്നും വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിധിയില്‍ വരുന്നതാണെന്നാണ് സര്‍ക്കാര്‍ നിലപാട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലെമെന്റില്‍ പ്രസ്താവന നടത്തുമെന്ന് പാർലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. വിഷയത്തില്‍ ഇരുസഭകളിലും ഹ്രസ്വ ചര്‍ച്ച നടത്താന്‍ നേരത്തെ സന്നദ്ധത അറിയിച്ചതാണ്. കഴിഞ്ഞ 15ന് തന്നെ ചര്‍ച്ചയ്ക്ക് തയാറാണെന്ന് ലോക്സഭാ സ്പീക്കറെയും രാജ്യസഭാ അധ്യക്ഷനെയും അറിയിച്ചതാണ്. ചര്‍ച്ചയുടെ തീയതി സ്പീക്കര്‍ നിശ്ചയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആരു ചര്‍ച്ചയ്ക്ക് മറുപടി പറയണമെന്ന ഉപാധി വെക്കരുതെന്നും മന്ത്രി പറഞ്ഞു. അതേസമയം വിഷയം ഇന്നും പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിക്കും. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രധാനമന്ത്രി മാധ്യമങ്ങളോടല്ല പാര്‍ലമെന്റിലാണ് സംസാരിക്കേണ്ടതെന്നും പ്രതിപക്ഷം വ്യക്തമാക്കി.