ന്യൂഡല്‍ഹി : വര്‍ഷകാല സമ്മേളനത്തിന്റെ രണ്ടാം ദിനവും പാർലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ദം. മണിപ്പൂര്‍ കലാപത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ ലോക്സഭ ഉച്ചയ്ക്ക് 12 വരെയും രാജ്യസഭ 2.30 വരെയും നിര്‍ത്തിവച്ചു. മണിപ്പുര്‍ വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ഹൈബി ഈഡന് ഉൾപ്പെടെയുള്ള എംപിമാർ ലോക്സഭയില്‍ നോട്ടീസ് നല്കി.
കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അടിയന്തര ചര്‍ച്ച വേണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. എന്നാല്‍ ഇക്കാര്യത്തിൽ പിന്നീട് ചര്‍ച്ചയുണ്ടാകുമെന്ന് വ്യാഴാഴ്ച തന്നെ സഭയെ അറിയിച്ചതാണെന്നും പ്രതിപക്ഷം വിഷയത്തെ രാഷട്രീയവത്ക്കരിക്കുകയാണെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സഭയിൽ പറഞ്ഞു. ഇതോടെ പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു. രാജ്യസഭയിലും മണിപ്പുരിലെ അക്രമങ്ങളില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ നോട്ടീസ് നല്കി.
വിഷയം ചർച്ചയ്ക്കെടുക്കാത്തതോടെ പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു. ബഹളം തുടർന്നതോടെ രാജ്യസഭ 2.30 വരെ നിർത്തിവച്ചു. അതേസമയം പ്രതിപക്ഷത്തിനെതിരെ പ്രത്യാക്രമണനീക്കവുമായി ഭരണപക്ഷ എംഎല്‍എമാരും രംഗത്തെത്തി. വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന അക്രമസംഭവങ്ങളില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപിമാര്‍ ഇരുസഭകളിലും നോട്ടീസ് നല്കി.