ന്യൂഡല്‍ഹി : പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോക്സഭയില്‍ മറുപടി പറയും. അവിശ്വാസ പ്രമേയത്തിന്മേല് സഭയില്‍ വോട്ടെടുപ്പും നടന്നേക്കും. മണിപ്പൂര്‍ വിഷയത്തില്‍ ഇന്ത്യാ സഖ്യം കൊണ്ടു വന്ന അവിശ്വാസ പ്രമേയ ചര്‍ച്ച ഇന്ന് അവസാനിക്കും. തുടര്‍ന്നാണ് മോദിയുടെ മറുപടി. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ മൗനം തുടര്‍ന്ന സാഹചര്യത്തിലാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. പ്രമേയം പാസ്സായില്ലെങ്കിലും ശക്തി തെളിയിക്കുകയാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണി ലക്ഷ്യമിടുന്നത്.
മുന്നണിയുടെ ഭാഗമല്ലെങ്കിലും ബിആര്‍എസ് അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. അതേസമയം വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെഡി, ടിഡിപി തുടങ്ങിയ പാര്‍ട്ടികള്‍ ബിജെപിയെ പിന്തുണയ്ക്കും. മണിപ്പൂര്‍ വിഷയത്തില്‍ ചൊവ്വാഴ്ചയാണ് ലോക്സഭയില്‍ അവിശ്വാസ പ്രമേയത്തിന്മേല് ചര്‍ച്ച തുടങ്ങിയത്. അതേസമയം മണിപ്പൂര്‍ വിഷയത്തില്‍ രാജ്യസഭയില്‍ ഇതുവരെ ചര്‍ച്ച നടന്നിട്ടില്ല. സമവായമാകാത്തതാണ് 167 പ്രകാരമുള്ള ചര്‍ച്ച നീണ്ടുപോകാന്‍ കാരണം. ഇരുപക്ഷവും ചര്‍ച്ച ചെയ്ത് നിലപാട് അറിയിക്കാന്‍ രാജ്യസഭ അധ്യക്ഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.