ഇംഫാൽ : കലാപമൊടുങ്ങാത്ത മണിപ്പൂരിൽ അർധസൈനികവിഭാഗമായ അസം റൈഫിൾസും മണിപ്പൂർ പൊലീസും തമ്മിൽ ഭിന്നത. പൊലീസ് വാഹനം തടഞ്ഞുവെന്നാരോപിച്ച് അസം റൈഫിൾസിനെതിരെ മണിപ്പൂർ പൊലീസ് കേസെടുത്തു. അതേസമയം, നീതിയെ പരിഹസിക്കുന്നതാണ് പൊലീസിന്റെ നടപടിയെന്ന് സുരക്ഷ സേന പ്രതികരിച്ചു.
ബിഷ്ണുപുർ ജില്ലയിലെ ക്വാക്ത ഗോതോൾ റോഡിൽ പൊലീസ് വാഹനം തടഞ്ഞെന്നാരോപിച്ച് ആഗസ്റ്റ് അഞ്ചിനാണ് അസം റൈഫിൾസിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കുക്കി ഭീകരർക്കെതിരെ ആയുധ നിയമപ്രകാരം തിരച്ചിൽ നടത്താൻ പുറപ്പെട്ട പൊലീസ് വാഹനങ്ങൾ തടഞ്ഞെന്നാണ് ആരോപണം. എന്നാൽ, കുക്കി, മെയ്തേയ് വിഭാഗങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങൾക്കിടയിൽ സുരക്ഷ ഉറപ്പുവരുത്താൻ സേനാ ആസ്ഥാനത്തുനിന്ന് ലഭിച്ച നിർദേശം നടപ്പാക്കുകയായിരുന്നു തങ്ങളെന്ന് അസം റൈഫിൾസ് അധികൃതർ പറയുന്നു.
പൊലീസും സേനയും തമ്മിൽ പരസ്യമായി വാക്കേറ്റത്തിലേർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ശനിയാഴ്ചയാണ് കുകി ഭൂരിപക്ഷ മേഖലയിലേക്കുള്ള റോഡ് അസം റൈഫിൾസ് അടച്ചത്. ഇതുവഴി തങ്ങളെ ചുമതല നിർവഹിക്കാൻ അസം റൈഫിൾസ് അനുവദിക്കുന്നില്ലെന്നാണ് പൊലീസിന്റെ ആരോപണം. കുകി സായുധസംഘങ്ങളുമായി ഇവർ ഒത്തുകളിക്കുകയാണെന്നും പൊലീസ് ആരോപിക്കുന്നു. അതേസമയം, കൂടുതൽ സംഘർഷം ഒഴിവാക്കാനാണ് റോഡ് അടച്ചതെന്നാണ് അസം റൈഫിൾസിന്റെ വാദം. ജൂണിലും സമാനമായ രീതിയിൽ പൊലീസും അസം റൈഫിൾസും വാക്കേറ്റത്തിലേർപ്പെട്ടിരുന്നു. കാക്ചിയാങ് ജില്ലയിലെ സുഗ്നു പൊലീസ് സ്റ്റേഷന്റെ മെയിൻ ഗേറ്റ് അസം റൈഫിൾസ് അടച്ചതിനെ തുടർന്നായിരുന്നു ഇത്.