ഇംഫാൽ: മണിപ്പൂരിൽ കുകി പെൺകുട്ടികളെ നഗ്നരാക്കി നടത്തിക്കുകയും സഹോദരനെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിനു പിന്നിൽ വ്യാജവാർത്തയെന്ന് റിപ്പോർട്ട്. മെയ്തെയ് വിഭാഗത്തിൽപ്പെട്ട സ്ത്രീയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതായി അവകാശപ്പെട്ട് പ്രചരിച്ച വ്യാജ ചിത്രവും വാർത്തയുമാണ് കൊടുംക്രൂരതയ്ക്കു പിന്നിലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കലാപത്തിൽ കുകി വിഭാഗം മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ യുവതി എന്ന പേരിൽ ചിത്രം പ്രചരിക്കുകയായിരുന്നു. ഡൽഹിയിൽ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സ്ത്രീയുടെ ചിത്രമായിരുന്നു ഇത്തരത്തിൽ പ്രചരിച്ചത്. മണിപ്പൂരുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്ന് പിന്നീട് തെളിഞ്ഞു.എന്നാൽ ഇതിനെ തുടർന്ന് വലിയ സംഘർഷമാണുണ്ടായത്. മൂന്ന് സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടന്നുവെന്നാണ് പറയുന്നത്. ഇരയുടെ സഹോദരന് അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെടുകയും ചെയ്തു.
മേയ് നാലിന് കുകി മേഖലയായ കാംഗ്പൊക്പി പി ജില്ലയിലെ ബി ഫൈനോമിന് സമീപമാണ് സംഭവം. കുകി വിഭാഗക്കാരായ സ്ത്രീകളെ നഗ്നരാക്കി മെയ്തെയ് വിഭാഗത്തിൽപ്പെട്ട ഒരുസംഘം യുവാക്കൾ നടത്തിക്കുന്നതിന്റെ വീഡിയോ ഇന്നലെയാണു പുറത്തായത്. സംഭവം പൊലീസ് ഉള്‍പ്പടെ മറച്ചുവച്ചു. സാമൂഹ്യമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിക്കുകയും വലിയപ്രതിഷേധം ഉയരുകയും ചെയ്തതോടെയാണ് പൊലീസ് അനങ്ങി തുടങ്ങിയത്. പിന്നാലെ ഇന്ന് പുലര്‍ച്ചെ ഒരാളെ അറസ്റ്റ് ചെയ്തു. യുവതികള്‍ നേരിട്ടത് അതിക്രൂരമായ പീഡനമായിരുന്നു.
അക്രമകാരികള്‍ വീടുകള്‍ തീയിട്ട ശേഷമാണ് പെൺകുട്ടികൾക്ക് നേരെ തിരിഞ്ഞത്. ജനക്കൂട്ടം പെൺകുട്ടികളോട് വസ്ത്രങ്ങള്‍ അഴിക്കാന്‍ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞതോടെ ഭീഷണിപ്പെടുത്തി. വസ്ത്രം അഴിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് പറഞ്ഞു. വസ്ത്രം അഴിപ്പിച്ചശേഷം റോഡിലൂടെ നടത്തി. വലിച്ചിഴച്ചശേഷം പുരുഷന്മാര്, അടുത്തുള്ള പാടത്ത് കിടക്കാന്‍ ആവശ്യപ്പെട്ടു. സ്വകാര്യ ഭാഗങ്ങളില്‍ പലതവണ കയറിപ്പിടിച്ചു. പല തവണ മര്‍ദിച്ചു.
യുവതികളില്‍ ഒരാളുടെ ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മേയ് മാസം18 ന് കാംഗ്പൊക്പി ജില്ലയിലെ സൈകുല്‍ പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും പ്രതികളെ പിടികൂടിയിരുന്നില്ല. തോക്കുകളുമായി എത്തിയ അക്രമകാരികളാണ് ഈ ക്രൂരത നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് അവര്‍ ഗ്രാമത്തിലെ വീടുകള്‍ കത്തിച്ചു. ആൾക്കൂട്ട ആക്രമണത്തില്‍ നിന്നും അഞ്ചുപേരെ പൊലീസ് രക്ഷപ്പെടുത്തി കൊണ്ടുപോയെങ്കിലും വാഹനം തടഞ്ഞുനിര്‍ത്തി അക്രമികള്‍ അഞ്ചുപേരെയും തട്ടികൊണ്ടുപോയി. തുടര്‍ന്നായിരുന്നു ക്രൂരതകള്‍. മൂന്ന് സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടന്നു. ഇരയുടെ സഹോദരന് അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടു.