ന്യൂഡൽഹി: പാർലമെന്റിൽ വർഷകാല സമ്മേളനത്തിന്റെ ആദ്യദിനം ഇരുസഭകളിലും മണിപ്പുർ വിഷയം ആളിക്കത്തി. മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തിലാണ് പാർലമെന്റ് പ്രതിപക്ഷ ബഹളത്തിൽ മുങ്ങിയത്.ലോക്സഭ ചേർന്നപ്പോൾ മണിപ്പുർ കത്തുന്നു എന്ന മുദ്രാവാക്യം മുഴക്കി പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിക്കുകയായിരുന്നു. ബഹളം രൂക്ഷമായതോടെ ലോക്സഭ നടപടികൾ ഇന്നത്തേക്ക് നിർത്തിവച്ചു.
മണിപ്പുർ വിഷയത്തിൽ പാർലമെന്റിൽ തുറന്ന ചർച്ചയ്ക്കു സർക്കാർ തയാറാണെന്നു പാർലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ചർച്ചയുടെ സമയം സ്പീക്കർ തീരുമാനിക്കും. ചർച്ചയ്ക്ക് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിശദമായ മറുപടി പറയുമെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. സർക്കാർ ചർച്ചയ്ക്ക് സന്നദ്ധമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു.മണിപ്പുർ വിഷയം രാജ്യസഭയെയും പിടിച്ചു കുലുക്കി. പ്രതിപക്ഷ പ്രതിഷേധം രാജ്യസഭയിലും അരങ്ങേറിയിരുന്നു. പ്രതിഷേധം ശക്തമായതോടെ രാജ്യസഭയും ഇന്നത്തേയ്ക്ക് പിരിഞ്ഞു. മണിപ്പുർ കത്തുകയാണ്. സ്ത്രീകൾ ബലാത്സംഗത്തിന് ഇരയാക്കപ്പെടുന്നു, നഗ്നയാക്കി നടത്തപ്പെടുന്നു. എന്നാൽ പാർലമെന്റിനു പുറത്ത് പ്രസ്താവന നടത്തിയ പ്രധാനമന്ത്രി സഭയ്ക്ക് അകത്ത് മൗനം തുടരുകയാണെന്ന് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു.