ഇംഫാൽ: മണിപ്പുർ കലാപത്തിൽ കൊല്ലപ്പെട്ട 35 കുക്കികളുടെ സംസ്കാരം തടഞ്ഞ് ഹൈക്കോടതി. തൽസ്ഥിതി തുടരാൻ ആക്ടിങ് ചീഫ് ജസ്റ്റിസ് എം.വി.മുരളീധരൻ നിർദേശിച്ചു. രാവിലെ ആറിനു വിഷയം പരിഗണിച്ച ശേഷമായിരുന്നു കോടതിയുടെ ഇടപെടൽ. 35 പേരുടെ സംസ്കാരച്ചടങ്ങ് ഇന്നാണു നിശ്ചയിച്ചിരുന്നത്.
കൂട്ടസംസ്കാരം നടക്കുന്ന ചുരാചന്ദ്പുർ – ബിഷ്ണുപുർ അതിർത്തിഗ്രാമമായ ബൊൽജാങിനായി മെയ്തെയ് വിഭാഗം അവകാശം ഉന്നയിച്ചതോടെ വീണ്ടും സംഘർഷമുണ്ടായി. സംസ്കാരം നടത്താൻ ഉദ്ദേശിച്ച സ്ഥലം മെയ്തെയ് ഭൂരിപക്ഷപ്രദേശമായ ബിഷ്ണുപുർ ജില്ലയിലാണെന്നും ചുരാചന്ദ്പുർ ജില്ലയ്ക്കപ്പുറം സംസ്കാരം നടത്തിയാൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും കോ ഓർഡിനേറ്റിങ് കമ്മിറ്റി ഓൺ മണിപ്പുർ ഇന്റഗ്രിറ്റി (കൊകോമി) മുന്നറിയിപ്പു നൽകി.
സംസ്കാരം അനുവദിക്കില്ലെന്ന് മെയ്തെയ് വനിതാ സംഘടനകളും പറഞ്ഞു. ഇരു ഗോത്രവിഭാഗങ്ങളും ആയുധങ്ങളുമായി മുഖാമുഖം നിൽക്കുകയാണ്. പ്രദേശത്ത് പൊലീസിനെയും അസം റൈഫിൾസിനെയും വിന്യസിച്ചു. നേരത്തേ നിശ്ചയിച്ച പ്രകാരംതന്നെ സംസ്കാരച്ചടങ്ങുകൾ ആരംഭിക്കുമെന്ന് ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറം (ഐടിഎൽഎഫ്) വക്താവ് ഗിൻസ വോൾസോങ് പറഞ്ഞിരുന്നു. അതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വിഷയത്തിൽ ഇടപെട്ടു. കൂട്ടസംസ്കാരം അഞ്ചു ദിവസം കൂടി നീട്ടിവയ്ക്കാൻ കേന്ദ്രം ആവശ്യപ്പെട്ടതായി ഐടിഎൽഎഫ് അറിയിച്ചു.
ചുരാചന്ദ്പുർ ജില്ലയുടെ ഭാഗമാണു ബൊൽജാങ് ഗ്രാമമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടാൽ മാത്രമേ ചടങ്ങുകളിൽ മാറ്റങ്ങൾ വരുത്തുകയുള്ളൂവെന്നും ഐടിഎൽഎഫ് പറഞ്ഞിരുന്നു. ഇരുവിഭാഗങ്ങൾ മുഖാമുഖം ഏറ്റുമുട്ടിയ പ്രദേശങ്ങളിലൊന്നാണു ബൊൽജാങ്. പ്രദേശത്തെ മെയ്തെയ് വീടുകൾ കലാപത്തിന്റെ ആദ്യദിനങ്ങളിൽ തകർക്കപ്പെട്ടിരുന്നു.