കൊച്ചി: കേരള സ്റ്റോറി പ്രദര്‍ശന വിവാദത്തിനിടെ, ഇതിനു ബദലായി മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നു. എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സാന്‍ജോപുരം സെന്റ് ജോസഫ് പള്ളിയില്‍ രാവിലെ 9.30നാണ് ഡോക്യുമെന്ററി പ്രദര്‍ശനം.
‘മണിപ്പൂര്‍ ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്’ എന്ന ഡോക്യുമെന്ററിയാണ് പ്രദര്‍ശിപ്പിക്കുന്നത്. മണിപ്പൂര്‍ കലാപത്തെ കുറിച്ച് കുട്ടികള്‍ അറിയണം. കേരള സ്റ്റോറി സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നും പള്ളി വികാരി നിധിന് പനവേലില്‍ അഭിപ്രായപ്പെട്ടു. ഇടുക്കി രൂപതയ്ക്ക് പിന്നാലെ താമരശേരി രൂപതയും’ദി കേരള സ്റ്റോറി’ പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. താമരശ്ശേരി രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം ശനിയാഴ്ച പ്രദർശിപ്പിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.