ഇംഫാൽ : മണിപ്പുർ മുഖ്യമന്ത്രി സ്ഥാനം എൻ ബിരേൻ സിങ് രാജി വച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഡൽഹിയിലെത്തി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ബിരേൻ സിങ് രാജി വച്ചത്. ഗവർണറെ കണ്ട് അദ്ദേഹം രാജിക്കത്ത് കൈമാറി. നാളെ ബജറ്റ് സമ്മേളനം തുടങ്ങാനും, കോൺഗ്രസ് നാളെ സഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനിരിക്കെയുമാണ് രാജി.
‘മണിപ്പൂരിലെ ജനങ്ങളെ സേവിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്’- അദ്ദേഹം ഗവർണർക്ക് നൽകിയ രാജിക്കത്തിൽ വ്യക്തമാക്കി. രാജ്ഭവനിൽ എത്തി അദ്ദേഹം ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് രാജി കത്ത് സമർപ്പിച്ചു. സംസ്ഥാന ബിജെപി പ്രസിഡന്റ് എ ശാരദ, ബിജെപിയുടെ വടക്കു- കിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സംബിത് പത്ര, 19 എംഎൽഎമാർ എന്നിവർക്കൊപ്പമാണ് അദ്ദേഹം രാജ് ഭവനിലെത്തി രാജി കത്ത് നൽകിയത്.
കഴിഞ്ഞ ഒന്നര വർഷത്തിനു മുകളിലായി സംസ്ഥാനത്ത് അരങ്ങേറുന്ന വംശീയ കലാപം അവസാനിപ്പിക്കാൻ കഴിയാത്തതാണ് രാജിയിലേക്ക് നയിച്ചിരിക്കുന്നത്. പാർട്ടിക്കുള്ളിൽ തന്നെ മുഖ്യമന്ത്രിക്കെതിരെ അഭിപ്രായങ്ങൾ ഉയർന്നിരുന്നു
കലാപം രൂക്ഷമായ സാഹചര്യത്തിൽ തന്നെ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മാറ്റണമെന്നു ശക്തമായ ആവശ്യമുണ്ടായിരുന്നു. എന്നാൽ ബിജെപി കേന്ദ്ര നേതൃത്വം തുടരാൻ അനുമതി നൽകുകയായിരുന്നു.