ന്യൂഡൽഹി : മണിപ്പുർ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
അവിശ്വാസ പ്രമേയ ചർച്ചയിൽ സഭയിൽ രണ്ടുമണിക്കൂറിലധികം മോദി സംസാരിച്ചു. എന്നാൽ മണിപ്പുരിനെക്കുറിച്ച് പറഞ്ഞത് രണ്ടുമിനിറ്റ് മാത്രമാണെന്നും രാഹുൽ ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വിമർശിച്ചു. അവിശ്വാസ പ്രമേയത്തിലെ വിഷയം താനോ കോൺഗ്രസോ ആയിരുന്നില്ല. മണിപ്പുർ ആയിരുന്നു. എന്നാൽ മോദി വിമർശിച്ചത് മുഴുവൻ കോൺഗ്രസിനെയാണ്. വെറും രാഷ്ട്രീയക്കാരനായല്ല പ്രധാനമന്ത്രിയായി അദ്ദേഹം സംസാരിക്കണമായിരുന്നു. സഭയിൽ നാണമില്ലാതിരുന്ന് ചിരിച്ച മോദി മണിപ്പുരിലെ ജനങ്ങളെ നോക്കി കൊഞ്ഞനംകുത്തി. മണിപ്പുരിൽ മാസങ്ങളായി കലാപം നടക്കുകയാണ്. അധികാര കേന്ദ്രങ്ങളിലുള്ള ആരും തിരിഞ്ഞുനോക്കിയില്ല. ഇപ്പോൾ സംസ്ഥാനം രണ്ടായിരിക്കുന്നു. ബിജെപിയാണ് ഇതിന് ഉത്തരവാദി. സൈന്യത്തിന് രണ്ടുദിവസത്തിൽ അവസാനിപ്പിക്കാമായിരുന്ന പ്രശ്നമായിരുന്നു ഇത്. എന്നാൽ മണിപ്പുർ കത്താൻ പ്രധാനമന്ത്രി അനുവദിച്ചുകൊടുത്തു. കലാപം അവസാനിപ്പിക്കാൻ മോദിക്ക് താൽപര്യമില്ലായിരുന്നു. സ്ഥിതി നിയന്ത്രണവിധേയമല്ലെന്ന് സൈന്യം തന്നെ സമ്മതിച്ചിട്ടുണ്ട്. കലാപകാരികൾ സ്ത്രീകളെയും കുട്ടികളെയും പോലും ക്രൂരമായി ആക്രമിക്കുന്നു. ഇങ്ങനെയൊരു സംഭവം ഇന്ത്യയുടെ ചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ലെന്നും രാഹുൽ പറഞ്ഞു.