തിരുവനന്തപുരം : കോണ്‍ഗ്രസും യുഡിഎഫും ബഹിഷ്കരിച്ച കേരളീയത്തില്‍ പങ്കെടുത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. പിണറായി വിജയനോടുള്ള ബഹുമാനാര്‍ഥമല്ല, മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയോടുള്ള ബഹുമാന സൂചകമായാണ് കേരളീയത്തിലെത്തിയതെന്നും മണിശങ്കര്‍ പറഞ്ഞു.
കേരളീയത്തില്‍ പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റ് തന്നോട് പറഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കി. പഞ്ചായത്ത് രാജ് ബില്ല് വന്നതും അധികാരവികേന്ദ്രീകരണത്തിനു തുടക്കം കുറിച്ചതും രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ്. അതിദാരിദ്ര്യം തുടച്ച് നീക്കലാണ് പഞ്ചായത്തീരാജിന്റെ അടിസ്ഥാന ആശയം. പഞ്ചായത്തീരാജിന്റെ വിജയം കേരളത്തിന്റെ ജനങ്ങളുടേതാണ്. ഈ വിജയം കേരളത്തിലെ യുഡിഎഫിനും എല്‍ഡിഎഫിനും ഒരുപോലെ അവകാശപ്പെട്ടതാണ് അദ്ദേഹം പറഞ്ഞു.
കേരളീയത്തോടുള്ള യു.ഡി.എഫിന്റെ എതിര്‍പ്പും വിലക്കും അറിയിച്ചത് അവസാന നിമിഷമാണെന്നാണ് മണിശങ്കര്‍ അയ്യരുടെ വാദം. കേരളീയം വേദിയെ രാഷ്ട്രീയമായി കാണുന്നില്ല, പഞ്ചായത്തീരാജുമായി ബന്ധപ്പെട്ട സെമിനാറായതിനാലാണ് എത്തിയത്. പരിപാടിയില്‍ പങ്കെടുത്തതിനു കോണ്‍ഗ്രസ് നേതൃത്വം നടപടിയെടുക്കുകയാണെങ്കില്‍ എടുത്തോട്ടെ എന്നും അദ്ദേഹം പരോക്ഷമായി പറഞ്ഞു.
കേരളത്തിലെ പഞ്ചായത്ത് ഭരണ സംവിധാനം മികച്ചതാണെന്ന് മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. കര്‍ണാടകയിലും നല്ല രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നത്. അവിടെനിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള കാര്യങ്ങളും കേരളം മനസിലാക്കാന്‍ ശ്രമിക്കണം. തദ്ദേശ തലത്തില്‍ താഴേ തട്ടിലുള്ള ആസൂത്രണവും ഫണ്ട് നല്‍കലും വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി എം.ബി.രാജേഷ്, മുന്‍മന്ത്രി തോമസ് ഐസക് എന്നിവരും സെമിനാറില്‍ പ്രസംഗിച്ചു. കേരളത്തില്‍ നഗരവല്‍ക്കരണം വലിയ രീതിയില്‍ നടക്കുന്നുണ്ടെങ്കിലും ആസൂത്രണം പോര, നഗരകേന്ദ്രീകൃതമായി ആസൂത്രണം മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ ഇനി എഴുതുന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം വേദിയിലുണ്ടായിരുന്ന മുന്‍ മന്ത്രി തോമസ് ഐസക്കിനോട് പറഞ്ഞു.